മലപ്പുറം:
മലപ്പുറത്ത് ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കും എ പി അനിൽകുമാർ എംഎൽഎക്കുമെതിരെ പോസ്റ്റർ. കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കണം, പാർട്ടിയെ നയിക്കാൻ അറിയില്ലെങ്കിൽ രാജി വെച്ചൊഴിയണം എന്നാണ് പോസ്റ്ററിലുള്ളത്. സേവ് കോൺഗ്രസ് മലപ്പുറം എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ എ ഗ്രൂപ്പിനെ അവഗണിച്ചതായി പരാതി ഉയർന്നിരുന്നു. ഇന്നലെ എ ഗ്രൂപ്പ് രഹസ്യ യോഗം ചേരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലാണ് എ ഗ്രൂപ്പ് നേതാക്കൾ രഹസ്യ യോഗം ചേർന്നത്. ഡിസിസി നേതൃത്വത്തിനെതിരെ കെപിസിസിക്ക് പരാതി നൽകാനാണ് തീരുമാനം.