തിരുവനന്തപുരം: വനം വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് കേരള വനം വകുപ്പ് നടത്തിയ വനം വന്യജീവി ഫോട്ടോഗ്രാഫി മത്സരഫലം മറ്റ് അറിയിപ്പുകളൊന്നുമില്ലാതെ വനം വകുപ്പ് അസാധുവാക്കിയതായി പരാതി. വിജയികളെ പ്രഖ്യാപിച്ച്, മത്സരഫലം വനം വകുപ്പിൻറെ സൈറ്റിൽ പ്രസിദ്ധീകരിച്ച ശേഷമാണ് മത്സരഫലം ഒഴിവാക്കിയതായി അവാർഡ് ജേതാക്കൾക്ക് വിവരം ലഭിക്കുന്നത്. ഞായറാഴ്ച കോഴിക്കോട് വച്ച് സമ്മാനദാനം നിർവഹിക്കേണ്ടിയിരുന്നെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മത്സരഫലം റദ്ദാക്കിയതായി വിജയികൾക്ക് അറിയിപ്പ് ലഭിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് മറ്റ് അറിയിപ്പുകളൊന്നും വനം വകുപ്പ് പുറത്തിറക്കിയിട്ടുമില്ല. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ചിത്രത്തെ ചൊല്ലി സാമൂഹിക മാധ്യമങ്ങളിലും ഫോട്ടോഗ്രാഫി കൂട്ടായ്മകളിലും ഉടലെടുത്ത വിവാദമാണ് മത്സരഫലം ഒഴിവാക്കാൻ കാരണം.
മത്സരഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒന്നാം സ്ഥാനം ലഭിച്ച ചിത്രത്തെ ചൊല്ലി പരാതികൾ ഉയർന്നു. മരിച്ച് കിടക്കുന്ന അമുർ ഫാൽക്കണിനെ ബ്ലാക്ക് വിംഗ്ഡ് കൈറ്റ് തിന്നാൻ ശ്രമിക്കുമ്പോൾ മറ്റൊരു അമുർ ഫാൽക്കൺ ബ്ലാക്ക് വിംഗ്ഡ് കൈറ്റിനെ തടയുന്നതായിരുന്നു ഒന്നാം സമ്മാനം ലഭിച്ച ചിത്രം. തൃശ്ശൂർ കോൾപാടത്ത് നിന്നും പകർത്തിയതാണ് അത്യപൂർവ്വതയുള്ള ഈ ചിത്രം. പറന്ന് പോകുന്ന മറ്റ് പക്ഷികളെ വായുവിൽ വച്ച് തന്നെ അക്രമിക്കാൻ കെൽപ്പുള്ള പക്ഷിയാണ് അമുർ ഫാൽക്കൺ. കേരളത്തിലേക്ക് അപൂർവ്വമായി മാത്രം ദേശാടനത്തിനെത്തുന്ന പക്ഷിയാണ് അമുർ ഫാൽക്കൺ എന്നത് ചിത്രത്തിൻറെ പ്രാധാന്യം ഉയർത്തുന്നു. പക്ഷികളുടെ ഈ അപൂർവ്വ സംഗമത്തിൻറെ ചിത്രങ്ങളാണ് അവാർഡിനായി ലഭിച്ചിരുന്നത്.
മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് ജയരാജ് ടി പി എന്ന ഫോട്ടോഗ്രാഫർക്കായിരുന്നു. എന്നാൽ, ചിത്രങ്ങൾ സ്റ്റേജ്ഡ് ആണെന്ന് വ്യക്തമാക്കിക്കൊണ്ട് സമാന ചിത്രങ്ങളുമായി രൻജീത്ത് മേനോൻ എന്ന ഫോട്ടോഗ്രാഫർ ജനുവരിയിൽ പ്രസിദ്ധപ്പെടുത്തിയ ബ്ലോഗിൻറെ വിവരങ്ങൾ മത്സരഫലം പ്രഖ്യാപിച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലും ഫോട്ടോഗ്രഫി കൂട്ടായ്മകളിലും പങ്കുവയ്ക്കപ്പെട്ടതോടെ വിവാദം കൊഴുത്തു. വനം വകുപ്പ് നടത്തുന്ന ഫോട്ടോഗ്രാഫി മത്സരങ്ങൾക്ക് അയക്കുന്ന ചിത്രങ്ങൾ സ്റ്റേജ്ഡ് ആകരുതെന്ന് നിയമമുണ്ട്. വിവാദം ഉയർന്നതിന് പിന്നാലെ പരാതികളും ഉയർന്നു. ഇതോടെ മറ്റ് അറിയിപ്പുകളൊന്നും കൂടാതെ വനം വകുപ്പ് ഫോട്ടോഗ്രാഫി മത്സരഫലം റദ്ദാക്കിയെന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ അവാർഡ് ലഭിച്ച മറ്റ് ഫോട്ടോഗ്രാഫർമാരെ അറിയിക്കുകയായിരുന്നു. എന്നാൽ, മത്സരഫലം റദ്ദാക്കിയത് സംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് പിആർഒയും പറയുന്നു. മത്സര നടത്തിപ്പിൻറെ ചുമതലയുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്കും മത്സരഫലം റദ്ദാക്കിയതിൻറെ കാരണമറിയില്ലെന്നാണ് ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്.
നിലവിൽ വനം വകുപ്പിൻറെ സൈറ്റിൽ ഷോട്ട് ഫിലിം, വാട്ടർ കളർ പേയിൻറിംഗ്, പെൻസിൽ ഡ്രോയിംഗ്, പ്രബന്ധമത്സരം, ട്രാവലോഗ് (മലയാളം, ഇംഗ്ലീഷ്), പോസ്റ്റർ ഡിസൈനിംഗ് മത്സര ഫലങ്ങളുണ്ടെങ്കിലും വനം വകുപ്പിൻറെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായ ഫോട്ടോഗ്രാഫി മത്സരഫലം മാത്രമില്ല. സെപ്റ്റംബർ 20 മുതൽ 30 വരെയായിരുന്നു മത്സരത്തിനായി വനം വകുപ്പ് ഫോട്ടോകൾ ക്ഷണിച്ചിരുന്നത്. ഫോട്ടോഗ്രാഫർമാർക്ക് അഞ്ച് ഫോട്ടോഗ്രാഫുകൾ വരെ സമർപ്പിക്കാനവസരം നൽകിയിരുന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പടത്തെ ചൊല്ലിയുള്ള പരാതിയാണ് ഫലം അസാധുവാക്കാൻ കാരണമായി അറിയുന്നത്. മത്സരഫലം പ്രഖ്യാപിച്ചതിന് പിന്നാലെ അവർഡ് വിജയികൾ തങ്ങളുടെ അവാർഡ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയർന്നത്.