എസ്എൻസി ലാവലിൻ കേസിൽ സുപ്രീം കോടതി ഇന്നു വീണ്ടും വാദം കേൾക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 2017ൽ സുപ്രീം കോടതിയിൽ എത്തിയ കേസ് ഇതുവരെയായി 34 തവണയാണ് മാറ്റി വച്ചത്. ആറ് വർഷത്തിനിടെ നാല് ബഞ്ചുകളിൽ കേസ് എത്തി.
കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് വന്നിരുന്നു. എന്നാൽ അന്ന് സിബിഐക്കു വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‍വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാൽ മാറ്റി.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനു കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 86.25 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റ വിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐ ഹർജി സമർപ്പിക്കുകയായിരുന്നു. ഇതാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.