പത്തനംതിട്ട: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ നരബലി വാർത്ത പുറത്ത് വന്നിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. .
നരബലി നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന അന്ധവിശ്വാസത്തിൽ, രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. സ്ത്രീകൾ ലോട്ടറി കച്ചവടക്കാരായിരുന്നു.
പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (53) ആണ് ഒന്നാംപ്രതി. തിരുമ്മുചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ് (71), ഭാര്യ ലൈല (67) എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, മോഷണം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ ഒരു കേസിൽ 1600 പേജുള്ള കുറ്റപത്രം എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് സമർപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് ധർമപുരി സ്വദേശിനി കടവന്ത്രയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പദ്മ(52)യെ കൊലപ്പെടുത്തിയെന്ന കേസിന്റെ കുറ്റപത്രമാണിത്.
ക്രിമിനൽ കേസിലെ മിക്കവാറും എല്ലാ വകുപ്പുകളും ചേർത്ത കേസിൽ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മൊബൈൽഫോൺ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് എറിഞ്ഞുകളഞ്ഞ സ്ഥലം പ്രതി ചൂണ്ടിക്കാട്ടിയിരുന്നു
പദ്മയുടെ ഫോണാണ് കണ്ടെടുക്കാനുള്ളത്. ഇലന്തൂരിലെ വീടിനടുത്തുള്ള തോട്ടിൽ ഫോൺ എറിഞ്ഞെന്നാണ് ഭഗവൽസിങ് മൊഴി നൽകിയത്. ഇത് കണ്ടെടുക്കാൻ തോട്ടിലെ കാടും പടലും നീക്കി രണ്ടുമണിക്കൂർ പരിശോധിച്ചിരുന്നു.
ചെളിനീക്കി തിരഞ്ഞാലേ ഫോൺ കണ്ടെത്താൻ കഴിയൂ. എന്നാൽ അതിനുള്ള നടപടികൾ ഉണ്ടായില്ല. പദ്മയുടെ ഫോൺ കണ്ടെത്തിയില്ലെങ്കിലും സൈബർസെല്ലിൽനിന്ന് കിട്ടിയ കോളുകളുടെ വിവരം ശക്തമായ തെളിവാണെന്ന് പോലീസ് കരുതുന്നു.
കാലടിയിൽ ലോട്ടറിക്കച്ചവടം നടത്തിയിരുന്ന, വടക്കാഞ്ചേരി സ്വദേശി റോസ്‌ലിനെ (49) കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റപത്രം ഇനിയും സമർപ്പിക്കാനുണ്ട്. പ്രതികൾ ഇപ്പോഴും വിചാരണത്തടവുകാരായി കാക്കനാട് ജയിലിലുണ്ട്. ലൈലയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു മറ്റ് രണ്ട് പ്രതികളുടെയും ഉന്നം. ആഭിചാരക്കൊല നടത്തണമെന്ന് നിർദേശിച്ചത് ഷാഫിയാണെന്നും പത്മയുടെ മാംസം പ്രതികൾ പാകംചെയ്ത് കഴിച്ചെന്നും കുറ്റപത്രത്തിലുണ്ട്.
രണ്ട് കൊലപാതകങ്ങളും നടന്ന ഇലന്തൂരിലെ വീട് പോലീസ് സീൽചെയ്ത നിലയിലാണ്.
ഈ വീട്ടിലേക്ക് ആൾക്കാർ എത്തുന്നത് നിരോധിച്ചിട്ടുണ്ട്.