ഇടുക്കി. കൊച്ചറയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വൈദ്യുത ലൈൻ പൊട്ടിവീണത് മരം ഒടിഞ്ഞു വീണതു കൊണ്ടാണെന്ന് കെഎസ്ഇബി. സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും അന്വേഷണം നടത്തും. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്, വണ്ടൻമേട് കെഎസ്ഇബി ഓഫീസിനു മുൻപിൽ പ്രതിഷേധിച്ചു.
ഇന്നലെയാണ് ചെമ്പകശ്ശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവർ വൈദ്യുതാഘാതം ഏറ്റ് മരിച്ചത്. ഉച്ചയ്ക്കുശേഷം ശക്തമായ മഴയും കാറ്റും പ്രദേശത്ത് ഉണ്ടായിരുന്നു. ഇലക്ട്രിക് പോസ്റ്റിലേക്ക് മരം ഒടിഞ്ഞുവീണ് വൈദ്യുതി ലൈൻ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് കെഎസ്ഇബി പറയുന്നത്. കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും പരിശോധന നടത്തും. അതേസമയം വൈദ്യുത ലൈൻ കടന്നുപോകുന്ന വഴിയിൽ അപകട സാധ്യതയുണ്ടോ എന്ന് കൃത്യമായി പരിശോധിക്കാത്തതാണ് മൂന്നുപേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്ന് വൈകിട്ട് ആണ് മൂന്ന് പേരുടെയും സംസ്കാര ചടങ്ങ് നടക്കുക. ആസ്വഭാവിക മരണത്തിന് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.