കോഴിക്കോട് : കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ ക്വാറി ഉടമയുടെ മകന്‍ ഉള്‍പ്പെടെ 6 പേരെ അറസ്റ്റ് ചെയ്തു.
യുവാവിന്‍റെ മരണത്തിനു കാരമായ മണ്ണുമാന്തി യന്ത്രമാണ് കടത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പകരം മറ്റൊരു മണ്ണുമാന്തി യന്ത്രം സ്ഥലത്ത് കൊണ്ടിട്ടു. സംഭവത്തിൽ മാർട്ടിൻ സെബാസ്റ്റ്യൻ, ജയേഷ് മോഹൻ രാജ്, രാജേഷ് മാത്യു, വേളാങ്കണ്ണ രാജി, ദിലീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 19നാണ് തോട്ടുമുക്കം സ്വദേശി സുധീഷ് മണ്ണുമാന്തി യന്ത്രം തട്ടി മരിക്കുന്നത്. അപകടത്തിനു പിന്നാലെ വാഹനത്തിന്‍റെ ഡ്രൈവർ ഒളിവിൽ പോയി. അനധികൃതമായ രീതിയിൽ പ്രവർത്തിക്കുന്ന ഈ മണ്ണുമാന്തി അന്വേഷണത്തിൽ കസ്റ്റഡിയിലെടുത്തു.
പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ പണി നടക്കുന്ന ഭാഗത്താണ് മണ്ണുമാന്തി യന്ത്രം ഉണ്ടായിരുന്നത്. എന്നാൽ ഇവിടെ നിന്ന് മണ്ണുമാന്തി യന്ത്രം കടത്തിക്കൊണ്ടുപോയി 10 മിനിറ്റിനുള്ളിൽ മറ്റൊരു മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നിടുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരൻ എത്തുമ്പോഴേക്ക് പ്രതികൾ കാറിൽ കയറി രക്ഷപ്പെട്ടെങ്കിലും പൊലീസിന്‍റെ പിടിയിലാവുകയായിരുന്നു.