ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം; മരണം ആനയുടെ ചവിട്ടേറ്റ്

Advertisement

കണ്ണൂർ: ഉളിക്കൽ ടൗണിൽ ഇന്നലെ ഇറങ്ങിയ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ള്ളിക്കൽ ബസ് സ്റ്റാൻഡിന് സമീപം ആർത്രശേരി ജോസ് (63) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റിട്ടാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. മൃതദേഹത്തിൽ ആനയുടെ ചവിട്ടേറ്റതിന്റെ അടയാളങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.

ഇന്നലെ രാവിലെ ഏഴൂരിലുള്ള വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ജോസ്. കഴുത്തിനും കാലിനും മുറിവുകളുണ്ട്. ആന ഓടിയ സമയത്താണ് ഇദ്ദേഹത്തെ കാണാതായതെന്നാണു വിവരം. ജോസ് നടന്നുവരുന്നതിന്റെയും ആനയുണ്ട് മാറിനിൽക്കാൻ പറയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം ആനയെ തുരത്തിയത് ആളുകൾ ഒഴിഞ്ഞുപോയതിനു ശേഷമാണെന്നും ജോസ് എങ്ങനെ ആനയുടെ മുന്നിൽപ്പെട്ടെന്ന് അറിയില്ലെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

ഇന്നലെ പുലർച്ചയോടെയാണ് കർണാടക വനമേഖലയിൽനിന്നുള്ള കാട്ടാന ഉളിക്കൽ ടൗണിൽ ഇറങ്ങിയത്. ടൗണും പരിസരവും അഞ്ചു മണിക്കൂറോളം കാട്ടാന ഭീതിയിലാഴ്ത്തി. കർണാടക വനത്തിൽനിന്ന് കേരളത്തിലെ മൂന്ന് ടൗണുകൾ കടന്ന്, 14.5 കിലോമീറ്ററോളം ജനവാസ കേന്ദ്രത്തിലൂടെ സഞ്ചരിച്ചാണ് ഒറ്റയാൻ ഉളിക്കലിൽ എത്തിയത്. ആനയെക്കണ്ട് ഭയന്നോടിയ മൂന്നുപേർക്കു പരുക്കേറ്റിരുന്നു. കാട്ടാന ടൗണിൽ തമ്പടിച്ചതോടെ മുഴുവൻ സ്ഥാപനങ്ങളും അടച്ചിട്ടു. പരിസരത്തെ സ്കൂളുകൾക്കും അവധി നൽകി. കൂടുതൽ ആളുകൾ എത്താതിരിക്കാൻ മൂന്നു കിലോമീറ്റർ ചുറ്റളവിൽ റോഡുകൾ അടച്ച് ഗതാഗതം നിയന്ത്രിച്ചു.

രാവിലെ പതിനൊന്നോടെ പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമിച്ചെങ്കിലും ബസ് സ്റ്റാൻഡ് കടന്ന് വയത്തൂരിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ കശുമാവിൻ തോട്ടത്തിലേക്കു കയറി. ഇവിടെനിന്ന് ഓടിക്കാൻ മഴ തടസ്സമായി. കാട്ടാന വനാതിർത്തിയിലേക്ക് മടങ്ങുമെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു.

Advertisement