ആത്മസുഹൃത്ത് നെവിന്റെ വേർപാടിൽ നിറകണ്ണുകളോടെ നിവിൻ പോളി

Advertisement

ആത്മസുഹൃത്തിന്റെ അകാല വേർപാടിൽ വിതുമ്പി നടൻ നിവിൻ പോളി. നിവിൻ പോളിയുടെയും നടൻ സിജു വിൽസന്റെയും ബാല്യകാല സുഹൃത്ത് ആലുവ മാഞ്ഞൂരാൻ വീട്ടിൽ നെവിൻ ചെറിയാൻ (38) ആണ് മരിച്ചത്. അപൂർവ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു നെവിൻ. നിവിന്റെ ജന്മദനമായ ഒക്ടോബർ 11നായിരുന്നു പ്രിയസുഹൃത്തിന്റെ മരണം.

അമിയോട്രോപിക് ലാറ്ററൽ സ്‌ക്‌ളിറോസിസ് എന്ന അപൂർവങ്ങളിൽ അപൂർവമായ രോഗം ബാധിച്ചു കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു നെവിൻ. വിദേശത്തു ജോലി ചെയ്യവേ ആണ് നെവിനു രോഗം സ്ഥിരീകരിക്കുന്നത്.

തിരക്കിനിടയിലും രോഗശയ്യയിലായിരുന്ന ആത്മസുഹൃത്തിനെ കാണാൻ സമയം കണ്ടെത്തി നിവിൻ ഓടിയെത്തിയിരുന്നു. സംവിധായകൻ അൽഫോൻസ് പുത്രൻറെ അടുത്ത ബന്ധു കൂടിയാണ് നെവിൻ.

തലച്ചോറിനെ ബാധിക്കുന്ന അത്യപൂർവമായ അസുഖമാണ് അമിയോട്രോപിക് ലാറ്ററൽ സ്‌ക്‌ളിറോസിസ്. ഈ രോഗത്തിന് ചികിത്സയില്ല. കഴിഞ്ഞ കുറച്ചു നാളുകളായി അത്യാസന്ന നിലയിലായിരുന്നു നെവിൻ.

നെവിന്റെ അന്ത്യശുശ്രൂഷയിൽ ദുഃഖം ഘനീഭവിച്ച മുഖത്തോടെ പങ്കെടുക്കുന്ന നിവിൻ പോളിയുടെയും സിജു വിൽസന്റെയും വിഡിയോയും പ്രേക്ഷകരിൽ നൊമ്പരമാവുകയാണ്. അന്ത്യചുംബനം നൽകുമ്പോഴും പ്രിയസുഹൃത്ത് വിട പറയുന്നതിന്റെ വേദന നിവിന്റെ മുഖത്ത് പ്രകടമായിരുന്നു. സംസ്കാര ചടങ്ങിൽ കുടുംബാംഗങ്ങൾക്കു ശക്തി പകർന്നതും നിവിനും സിജുവമായിരുന്നു. ആലുവ സെന്റ് ഡൊമിനിക് കത്തോലിക്ക പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരചടങ്ങുകൾ നടന്നത്.