പാലക്കാട്: ഇന്നലെ മുതൽ കാണാതായ പാലക്കാട് നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറി സുബൈർ അലി മധുരയിലുണ്ടെന്ന് സൂചന. സിപിഎം നേതാവിന്റെ ഭീഷണിയെ തുടർന്ന് സുബൈർ അലി ഏറെ അസ്വസ്ഥനായിരുന്നുവെന്ന് മകൻ മൊഴി നൽകി. സുബൈർ അലി ഫോണിൽ ബന്ധപ്പെട്ടതായി നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അതേസമയം കോൺഗ്രസ് അംഗങ്ങളുമായി ചേർന്ന് നടത്തുന്ന നാടകമാണ് തിരോധാനമെന്ന് സിപിഎം ആരോപിച്ചു
നെന്മാറയിൽ നിന്ന് കാണാതായ ശേഷം അസി. പഞ്ചായത്ത് സെക്രട്ടറി സുബൈർ അലി, കോൺഗ്രസ് പഞ്ചായത്ത് അംഗത്തോട് ഫോണിൽ സങ്കടം പങ്കുവെച്ചിരുന്നു. എല്ലാവരുടെയും മുന്നിൽ വെച്ച് സിപിഎം നേതാക്കൾ അധിക്ഷേപിച്ചതിനുള്ള വേദനയാണ് സുബൈർ അലി പങ്കുവെച്ചത്. സുബൈറിനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പഞ്ചായത്ത് അംഗത്തെ ഇയാൾ വിളിച്ചത്. തുടർന്നാണ് ഇയാൾ മധുരയിൽ ഉണ്ടെന്ന സൂചന ലഭിച്ചത്.