തിരക്കുപിടിച്ച ജീവിതത്തിൽ സ്വന്തം മാതാപിതാക്കൾക്ക് സന്തോഷം കൊടുക്കാൻ പറ്റുന്നത് വലിയ കാര്യമാണല്ലേ. അങ്ങനെ ജോലിക്കിടയിലും അമ്മയുടെ മുഖത്ത് വലിയൊരു പുഞ്ചിരി കൊണ്ടുവന്ന മകന്റെയും അമ്മയുടെയും വിഡിയോ ഇന്റർനെറ്റിൽ വൈറലാണ്.
വിമാനത്തിൽ കയറിയ അമ്മ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് പൈലറ്റായ മകനെയാണ്. തീരെ പ്രതീക്ഷിക്കാത്ത കണ്ടുമുട്ടൽ ആയതുകൊണ്ടുതന്നെ സന്തോഷവും അമ്പരപ്പും ഒക്കെ മുഖത്ത് കാണാം. സന്തോഷത്തോടെ മകനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന അമ്മയുടെ വിഡിയോ കണ്ടത് 10 ലക്ഷത്തിലധികം ആളുകളാണ്.
മലയാളി പൈലറ്റായ വിമൽ ശശിധരൻ ആണ് അമ്മയെ ഞെട്ടിച്ചത്. അമ്മയ്ക്ക് ഇങ്ങനെയൊരു സർപ്രൈസ് കൊടുക്കണമെന്ന് കുറച്ചു നാളുകളായി ആഗ്രഹമുണ്ടായിരുന്നെന്ന് വിമൽ മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘അമ്മ ലതയും സഹോദരൻ വിശാലും ദുബായിൽ നിന്ന് നാട്ടിലേക്കു പോകാൻ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ദുബായ് ടു കൊച്ചി ഫ്ലൈറ്റ് ആയിരുന്നു അത്. അന്നത്തെ ദിവസം എനിക്ക് വേറൊരു ഫ്ലൈറ്റ് ഡ്യൂട്ടി ആയിരുന്നു’.
‘എന്റെ ഷെഡ്യൂൾ കുടുംബത്തിന് അറിയാം. ഞാൻ വേറെ ഏതോ ഫ്ലൈറ്റിലാണെന്നാണ് കരുതിയിരുന്നത്. അതുകൊണ്ട് എന്നെ അമ്മ തീരെ പ്രതീക്ഷിച്ചില്ല. ഫ്ലൈറ്റിലെ ഫസ്റ്റ് ഓഫിസർ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹമാണ് വിഡിയോ എടുക്കാൻ സഹായിച്ചത്’ – വിമൽ പറഞ്ഞു
അമ്മ ഞെട്ടാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഒന്നര മാസത്തിനു ശേഷമാണ് ഇരുവരും കാണുന്നത്. വിമലിന്റെ അച്ഛനും അമ്മയും കൊച്ചിയിലാണ് താമസിക്കുന്നത്, വിമൽ ബെംഗളൂരുവിലും. ഈ മാസം അവസാനം വീട്ടിലേക്കു പോകാനാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ അതിനു മുൻപു തന്നെ ഇങ്ങനെയൊരു അവസരമുണ്ടായി എന്നു വിമൽ പറയുന്നു. എന്തായാലും മലയാളി പൈലറ്റിന്റെയും അമ്മയുടെയും മനോഹരമായ വിഡിയോ വൈറലായി