തിരുവനന്തപുരം. കായിക താരങ്ങളുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി. കായിക മേഖലയില്‍ എല്ലാ സഹായവും ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് പിണറായി വിജയന്‍. വ്യാപകമായി സര്‍ക്കാരിനെതിരെ ഒരു പ്രചാരണം നടക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി കണക്കുകള്‍ നിരത്തിയാണ് ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്.
കായിക താരങ്ങള്‍ക്ക് എല്ലാ ഘട്ടത്തിലും സഹായം നല്‍കിയെന്നാണ് ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ മറുപടി. ഏഷ്യന്‍ ഗെയിംസില്‍ ഒന്‍പത് മലയാളി താരങ്ങള്‍ മെഡല്‍ നേടി. ഒളിംപിക്‌സില്‍ പങ്കെടുത്ത മുഴുവന്‍ മലയാളികള്‍ക്കും 10 ലക്ഷം വീതം നല്‍കി പിആര്‍ ശ്രീജേഷിന് ഒളിംപിക്‌സ് മെഡല്‍ നേടിയപ്പോള്‍ 2 കോടി രൂപയും ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കിയെന്നും മുഖ്യമന്ത്രി
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 676 താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ ജോലി നല്‍കിയത് സര്‍വകാല റെക്കോര്‍ഡാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന 2010-14 സ്‌പോര്‍ട്‌സ് ക്വോട്ട നിയമന റാങ്ക് ലിസ്റ്റിലെ 65 പേര്‍ക്ക് കൂടി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമനം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം,
ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിന് ശേഷം നാട്ടിലെത്തിയ തന്നെ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും വിളിച്ചില്ല എന്നായിരുന്നു പിആര്‍ ശ്രീജേഷിന്റെ പരാതി.
ഏഷ്യന്‍ ഗെയിംസ് താരങ്ങളെ സര്‍ക്കാര്‍ അവഗണിച്ചുവന്ന വ്യാപക പരാതി നിലനില്‍ക്കെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തി മുഖ്യമന്ത്രി ആക്ഷേപങ്ങള്‍ നിഷേധിച്ചത്