കായികമേളയുടെ പൂരം കാത്ത് തൃശൂര്‍

Advertisement

തൃശൂര്‍ . 65-ാ മത് സംസ്ഥാന സ്കൂൾ കായികമേളക്ക് ചായം തേക്കുന്ന തിരക്കിലാണ് പൂരത്തിന്‍റെയും പുലിക്കളിയുടെയും നാട്. പുതുതായി പണികഴിപ്പിച്ച സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ പ്രൗഢിയിലാണ് കുന്നംകുളം കായികമേളയെ വരവേൽക്കുന്നത്. കുന്നംകുളത്തെ സ്പോർട്സ് ഹബ് ആക്കി മാറ്റുന്നതിന് ഭാഗമായി എ സി മൊയ്തീൻ എംഎൽഎയുടെ നേതൃത്വത്തിൽ ഒരു നാടാകെ ഒന്നിച്ചതിന്റെ ഫലമാണ് സിന്തറ്റിക് ട്രാക്സ് സ്റ്റേഡിയം. ആ സ്റ്റേഡിയത്തിനും പറയാനുണ്ട് ഒരു കഥ.


പതിറ്റാണ്ടുകൾക്ക് മുമ്പ് കാടുമുടിക്കിടന്ന കശുമാവിൻതോട്ടം. ഭയപ്പാട് മാത്രം നിറഞ്ഞ ഇടം. ആളൊഴിഞ്ഞ കാടും കൂടിയ പ്രദേശം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി. കൊലപാതകത്തിനു പോലും ഇവിടം സാക്ഷ്യം വഹിച്ചു. എന്നാൽ ഒരു നാടാകെ ഒന്നിച്ചതോടെ ഇന്നവിടം സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയമായി. ഗവൺമെൻറ് വിഎച്ച്എസ്എസ് ഫോർ ബോയ്സ് സീനിയർ ഗ്രൗണ്ട് സ്റ്റേഡിയം.

ഈ പരിവർത്തനത്തിന് ചരിത്രമേറെയുണ്ട്. ഇന്നു കാണുന്ന നിലയിലേക്ക് സ്റ്റേഡിയം മാറിയതിനു പിന്നിൽ സ്കൂൾ അധ്യാപകർ തുടങ്ങി മന്ത്രിയായിരുന്ന എസി മൊയ്തീൻ വരെ നടത്തിയ ഇടപെടൽ വിസ്മരിക്കാവുന്നതിനും അപ്പുറം. കേന്ദ്ര സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ചാണ് 400 മീറ്റർ നീളത്തിലുള്ള സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം കുന്നംകുളത്ത് ഒരുക്കിയത്. അത്യാധുനിക ട്രാക്കിന്റെ മികവോടെയാണ് സംസ്ഥാന കായികമേളയെ കുന്നംകുളം വരവേൽക്കുന്നത്.

3000 ത്തോളം കായിക താരങ്ങള്‍ മാറ്റുരക്കുന്ന അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന മേള. 86 വ്യക്തിഗത മത്സരങ്ങൾ 10 റിലേ മത്സരങ്ങൾ 96 ഇനങ്ങൾക്കും വേദിയാകുക ഈ സ്റ്റേഡിയം തന്നെ.


ആയിരം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന വിപുലമായ ഊട്ടുപുരയും സ്റ്റേഡിയത്തിന് സമീപം ഒരുക്കിയിട്ടുണ്ട്. ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ 16 ന് വൈകീട്ട് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒക്ടോബര്‍ 17 ന് രാവിലെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. വൈകീട്ടാണ് മേളയുടെ ഉദ്ഘാടനം

Advertisement