വയനാട് ടണൽ റോഡ് നാല് വർഷത്തിനകം; വിവിധ പദ്ധതികളുടെ പുരോഗതി അറിയിച്ച് മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ജലപാതകളുടെയും റോഡ് പാതകളുടെയും പുരോഗതി അവലോകനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവളം-ബേക്കൽ ജലപാത, ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് ടണൽ റോഡ് പദ്ധതികളുടെ പുരോഗതി യോഗം വിലിയിരുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു

കോവളം-ബേക്കൽ ജലപാതയുടെ ആദ്യ ഘട്ടമായ ആക്കുളം മുതൽ ചേറ്റുവ വരെയുള്ള ഭാഗം 2024 മാർച്ചോടെ സഞ്ചാരയോഗ്യമാക്കും. വടക്കൻ ജില്ലകളിൽ നിർമിക്കുന്ന കനാലുകളുടെ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കി സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാനുള്ള നിർദേശങ്ങളാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൻ എച്ച് 66ന്റെ നിർമാണ പുരോഗതി പരിശോധിച്ചു. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാൻ കഴിയും. ,ഭൂമി ഏറ്റെടുക്കൽ പൂർണമായി. കേസുകൾ നിലനിൽക്കുന്ന ഇടങ്ങളിൽ മാത്രമേ ചില കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ബാക്കിയുള്ളു എന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. മലയോര ഹൈവേ പദ്ധതി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിനോടകം പൂർത്തിയായ കൊല്ലം ജില്ലക്ക് പുറമെ കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ കൂടി പദ്ധതി ഉടൻ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കണ്ടത്. ഫോറസ്റ്റ് ക്ലിയറൻസുമായി ബന്ധപ്പെട്ട അപേക്ഷകളിൽ ഉടൻ തീരുമാനമെടുക്കും

തീരദേശ ഹൈവേയിൽ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ കാസർകോട് കുഞ്ചത്തൂർ വരെ നീളുന്ന തീരദേശ ഹൈവേ നിലവിൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിലാണ്. അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ നടന്നുവരുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി സർക്കാർ ആകർഷകമായ നഷ്ടപരിഹാര പാക്കേജുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട തുരങ്ക പാത താമരശ്ശേരി ചുരത്തിന് ബദൽ റോഡ് ആകുകയും യാത്രാ സമയം ചുരുക്കുകയും ചെയ്യും. നിലവിൽ രണ്ട് ജില്ലകളിലും ഭൂമി ഏറ്റെടുക്കലിന്റെ നോട്ടിഫിക്കേഷൻ ഘട്ടത്തിലാണ്. പാരിസ്ഥിതിക അനുമതിയുടെ പഠനങ്ങൾ ഉടൻ പൂർത്തിയാകും. അടുത്ത മാർച്ചോടെ നിർമാണോദ്ഘാടനം നടത്തി നാല് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Advertisement