അവസാനകാലത്ത് സി.പി.എം. അധിക്ഷേപിച്ച് പുറന്തള്ളിയ എം എൻ വിജയന്റെ വീട്ടിൽനിന്ന് ആരംഭിക്കാനിരുന്ന സ്മൃതിയാത്രയുടെ ഉദ്ഘാടനവേദി മാറ്റി. ‘പുരക്കുമേലെ ചാഞ്ഞ മരത്തെ’ ഇപ്പോൾ കൂട്ടിപ്പിടിയ്ക്കാനുള്ള ശ്രമത്തിന് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ പരിഹാസവും പ്രതിഷേധവുമാണ് നേരിട്ടത്. വിജയന്റെ എടവിലങ്ങിലെ വീട്ടിൽനിന്ന് യാത്ര തുടങ്ങുമെന്നാണ് പ്രചാരണത്തിന്റെ ഭാഗമായി സംഘാടകർ ആദ്യം തയ്യാറാക്കിയ പോസ്റ്ററുകളിൽ പറഞ്ഞിരുന്നത്. എന്നാൽ, എടവിലങ്ങ് ചന്തയിൽനിന്ന് തുടങ്ങുമെന്നാണ് പുതിയ പോസ്റ്ററുകളിലുള്ളത്.
പു.ക.സയായിരുന്നു സ്മൃത യാത്ര സംഘടിപ്പിച്ചിരുന്നത്. വീട്ടിൽനിന്ന് സ്മൃതി യാത്ര ആരംഭിക്കുന്ന കാര്യം അറിഞ്ഞില്ലെന്ന് കുടുംബാംഗങ്ങൾ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്മൃതിയാത്ര മാറ്റിയത്. അതേസമയം ഔദ്യോഗികമായി തങ്ങൾ പോസ്റ്റർ ഇറക്കിയിരുന്നില്ലെന്നാണ് സംഘാടകർ വിശദീകരിക്കുന്നത്.