കോഴിക്കോട്: കെഎസ്എഫ്ഇയിൽ ഗുരുതര ക്രമക്കേട് നടക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ.ബാലന്റെ വിമർശനം. കോഴിക്കോട് കെഎസ്എഫ്ഇ ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിലാണ് ഉദ്യോഗസ്ഥരെ വേദിയിലിരുത്തി എ.കെ.ബാലന്റെ വിമർശനം.
‘‘കെഎസ്എഫ്ഇയിൽ പൊള്ളച്ചിട്ടികളടക്കം വൻ തിരിമറികളാണ് നടക്കുന്നത്. പൊള്ളച്ചിട്ടികളുടെ ഭാഗമായി 6062 കോടിയാണു ലിക്വിഡിറ്റിയിൽ കുറവുവരുന്നത്. എണ്ണം തീർക്കാൻ കള്ള ഒപ്പിട്ട്, കള്ളപേരിട്ട്, കള്ളചെക്ക് വാങ്ങി പൊള്ളചിട്ടികൾ ഉണ്ടാക്കി. എത്രകാലം ഇതു തുടരാൻ പറ്റും. ഇതുണ്ടാക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്നം എത്രയാണ്.
ഒരു സ്ഥാപനത്തിന്റെ നിലനിൽപ്പാണ് ഇല്ലാതാവുന്നത്. സഹകരണമേഖലയോട് കേന്ദ്രസർക്കാർ കാട്ടുന്ന സമീപനം അറിയാമല്ലോ. അതിവിടെ വരില്ലെന്ന് നിങ്ങൾ കരുതരുത്.’’– എ.കെ.ബാലൻ പറഞ്ഞു. അശാസ്ത്രീയമായി ശാഖകൾ തുറക്കുന്നുവെന്നും ബാലൻ വിമർശിച്ചു.