25 ലക്ഷം രൂപയുടെ രാസലഹരിയുമായി ‘തുമ്പിപ്പെണ്ണിന്റെ’സംഘം കൊച്ചിയിൽ പിടിയിൽ

Advertisement

കൊച്ചി: നഗരമധ്യത്തിൽ രാത്രിയിൽ വൻ രാസലഹരി വേട്ട.‘തുമ്പിപ്പെണ്ണ്’ എന്ന പേരിൽ അറിയപ്പെടുന്ന, നഗരത്തിലെ ലഹരി വിൽപനയ്ക്കു ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയായ കോട്ടയം ചിങ്ങവനം മുട്ടത്താട്ടുചിറ സൂസിമോളും സംഘവും എക്സൈസിന്റെ വലയിൽ.

കലൂർ രാജ്യാന്തര സ്റ്റേഡിയം പരിസരത്തു നിന്നു കാറിൽ കടത്തുകയായിരുന്ന 350 ഗ്രാം രാസലഹരിയുമായാണു സൂസിമോൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായത്. അങ്കമാലി മങ്ങാട്ടുകര മാളിയേക്കൽ എൽറോയ്, കാക്കനാട് അത്താണി കുറുമ്പനാട്ടു പറമ്പിൽ അജ്മൽ, ആലുവ ചെങ്ങമനാട് കല്ലൂക്കാടൻ പറമ്പിൽ അമീർ എന്നിവരാണു പിടിയിലായ മറ്റുള്ളവർ.

പിടിയിലായ രാസലഹരിക്കു വിപണിയിൽ 25 ലക്ഷം രൂപയോളം വില വരും. ഹിമാചൽപ്രദേശിൽ നിന്നു രാസലഹരി ഓൺലൈനിൽ ഓർഡർ ചെയ്തു വരുത്തി നഗരത്തിൽ വിതരണം ചെയ്യുന്ന സംഘമാണിത്. ഹിമാചൽപ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ സംഘത്തിന്റെ വിതരണക്കാരാണു പിടിയിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഓർഡർ നൽകിയാൽ കൊച്ചിയിലെത്തിക്കുന്ന ലഹരിമരുന്നു മാലിന്യമെന്നു തോന്നിക്കുന്ന രീതിയിൽ കവറിലാക്കി നെടുമ്പാശേരിയിൽ രാജ്യാന്തര വിമാനത്താവളത്തിന്റെ പുറത്തുപേക്ഷിക്കുകയാണു പതിവ്.

തുടർന്ന് പ്രതികളുടെ മൊബൈലിലേക്ക് ലഹരിമരുന്നുള്ള സ്ഥലത്തിന്റെ ലൊക്കേഷൻ ലഭിക്കും. ഇതു ലഭിച്ച വിവരം വാട്സാപ് സന്ദേശമായി അയയ്ക്കും. തുടർന്ന് വിറ്റു തീർത്ത ശേഷം പണം ഓൺലൈനായി അയയ്ക്കുന്നതാണു രീതി. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസമായി ഇവർ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ കളമശേരി ഭാഗത്തു കാറുമായി ഇവർ എത്തിയതറിഞ്ഞ് എക്സൈസ് ഷാഡോ സംഘമെത്തിയെങ്കിലും പ്രതികളുടെ പക്കൽ ആയുധമുണ്ടെന്നു മനസ്സിലാക്കി പിന്തിരിഞ്ഞു.

തുടർന്നാണ് ഇന്നലെ രാത്രി എട്ടോടെ പ്രതികൾ കാറിൽ സ്റ്റേഡിയം പരിസരത്തെ ഹോട്ടലിനു സമീപമെത്തിയത്. ഇവരെ പിന്തുടരുന്നുണ്ടായിരുന്ന എക്സൈസ് സംഘം കാർ വളഞ്ഞു പിടികൂടുകയായിരുന്നു. അക്രമാസക്തരായ പ്രതികളെ ഏറെ പണിപ്പെട്ടാണു കസ്റ്റഡിയിലെടുത്തത്. തുടർന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി.എൻ.സുധീർ സ്ഥലത്തെത്തി നടപടികൾക്കു നേതൃത്വം വഹിച്ചു. പ്രതികളിൽനിന്ന് രണ്ടു കത്തികളും ഒരു സ്പ്രിങ് ബാറ്റണും പിടിച്ചെടുത്തിട്ടുണ്ട്. സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി.പ്രമോദ്, പ്രിവന്റ‌ീവ് ഓഫിസർ എൻ.ജി. അജിത്കുമാർ, എം.ടി.ഹാരിസ്, സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി.ടോമി, പി.പത്മഗിരീശൻ, പി.അനിമോൾ, ഡ്രൈവർ ബദർ, പി.സി. പ്രവീൺ എന്നിവരാണു അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

Advertisement