തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ആദ്യഘട്ട നിർമാണം പൂർത്തിയാകുമ്പോൾ സുരക്ഷയ്ക്കായി സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്ഐഎസ്എഫ്) നിയമിച്ചേക്കും. വിഴിഞ്ഞം തുറമുഖ അധികൃതർ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് നിർദേശങ്ങൾ സമർപിച്ചെന്നും, സർക്കാർ അനുമതി ലഭിച്ചാൽ കരാറിൽ ഏർപ്പെടുമെന്നും പൊലീസ് വ്യക്തമാക്കി. എഡിജിപി എം.ആർ.അജിത് കുമാറിനാണ് എസ്ഐഎസ്എഫിന്റെ ചുമതല.
വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുന്നതോടെ ഒരു എസിപിയുടെ നേതൃത്വത്തിൽ പൊലീസ് സബ് ഡിവിഷൻ ആരംഭിക്കും. പൊലീസിന്റെ തീരദേശ സംരക്ഷണ സേനയിലെ അംഗങ്ങളുടെ എണ്ണവും ഉയർത്തും. വിഴിഞ്ഞത്ത് ക്രെയിനുമായി എത്തിയ ചൈനീസ് കപ്പലിന് 50 അംഗ തീരദേശ പൊലീസ് സംരക്ഷണം നൽകുന്നുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ സേനകളിലെ ഉദ്യോഗസ്ഥരും കൂടുതലായി വിഴിഞ്ഞത്തേക്ക് എത്തും.
വിഴിഞ്ഞം ആദ്യഘട്ടം പൂർത്തിയായാൽ 50 ജീവനക്കാരെ നിയോഗിക്കാമെന്നാണ് നിർദേശമെന്ന് എസ്ഐഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. തുക ഈടാക്കിയുള്ള സേവനമാണ് നൽകുന്നത്. 8 മണിക്കൂറാണ് ഒരു ഉദ്യോഗസ്ഥൻ ഡ്യൂട്ടി ചെയ്യേണ്ടത്. സിവിൽ പൊലീസ് ഓഫിസർക്ക് 1400 രൂപയാണ് ഒരു ദിവസത്തെ ഡ്യൂട്ടിക്കായി സർക്കാരിലേക്ക് നൽകേണ്ടത്. ആയുധമുള്ള സിവിൽപൊലീസ് ഓഫിസറിന് 1500 രൂപ. ആംഡ് പൊലീസ് എസ്ഐയ്ക്ക് 2300 രൂപയും ആംഡ് പൊലീസ് ഇൻസ്പെക്ടർക്ക് 2800 രൂപയുമാണ് ഒരു ദിവസത്തെ ഫീസ്. 2014ലാണ് ഈ നിരക്ക് നിശ്ചയിച്ചത്. ശമ്പളപരിഷ്ക്കരണത്തിന് അനുസരിച്ച് ഈ നിരക്ക് വർധിപ്പിക്കണമെന്ന് എസ്ഐഎസ്എഫ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.