രൂപമാറ്റം, സ്റ്റണ്ട് വിഡിയോ: പൊലീസ് പിടികൂടിയത് 35 ബൈക്ക്, പിഴ 3.59 ലക്ഷം

Advertisement

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസും മോട്ടര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു. ഏഴു പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കാൻ നടപടി സ്വീകരിച്ചു. ആകെ 3,59,250 രൂപ പിഴയായി ഈടാക്കി.

ട്രാഫിക് ചുമതലയുള്ള ഐജി ജി.സ്പര്‍ജന്‍ കുമാറിന്‍റെ നിര്‍ദേശപ്രകാരം ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി സെല്‍ വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പരിശോധന നടത്തിയാണു നിയമലംഘകരെ കണ്ടെത്തിയത്. വാഹനത്തിനു രൂപമാറ്റം വരുത്തി സ്റ്റണ്ട് നടത്തി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുന്നവരുടെ വിലാസം ശേഖരിച്ചാണ് ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ടിന്റെ മൂന്നാംഘട്ടം നടപ്പാക്കിയതെന്നു പൊലീസ് അറിയിച്ചു.

ദക്ഷിണ മേഖലാ ട്രാഫിക് എസ്പി ജോണ്‍സണ്‍ ചാള്‍സ്, ഉത്തരമേഖലാ ട്രാഫിക് എസ്പി ഹരീഷ് ചന്ദ്ര നായിക്, ജില്ലാ ട്രാഫിക് നോഡല്‍ ഓഫിസര്‍മാര്‍, മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിന്‍റെ ശുഭയാത്ര വാട്സാപ് നമ്പറായ 97470 01099 എന്ന നമ്പറിലേയ്ക്ക് വിഡിയോയും ചിത്രങ്ങളും അയയ്ക്കാം.

Advertisement