ഊട്ടി പന്തലുരിൽ ജനവാസമേഖലയിൽ ഇറങ്ങിയ കൊമ്പന്മാരെ തുരത്തിയോടിക്കാൻ എത്തിയ കുങ്കിയാന കാട്ടാനകൾക്കൊപ്പം കാടുകയറിയിരുന്നു. കട്ടക്കൊമ്പൻ, ബുള്ളറ്റ് എന്നീ കാട്ടാനകൾക്കൊപ്പമാണ് ശ്രീനിവാസൻ എന്ന ആന കാട്ടിലേക്ക് മടങ്ങിയത്.
24 മണിക്കൂറിനകം അവൻ നാട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ആനച്ചട്ടങ്ങൾ പഠിപ്പിച്ചു മികച്ച താപ്പാനയാക്കിയെങ്കിലും സുഹൃത്തുക്കളെ കണ്ടപ്പോൾ ശ്രീനിവാസൻ ചട്ടങ്ങൾ മറക്കുകയായിരുന്നു. തിരിച്ചെത്തിയ ശ്രീനിവാസനെ നിലവിൽ കാട്ടാനകളെ തുരത്താനുള്ള ഡ്യൂട്ടിയിൽ നിന്നു മാറ്റി നിർത്തിയിരിക്കുകയാണ്.
‘‘മനുഷ്യന്റെ കീഴിലായ ആന ഒരിക്കലും കാട്ടിൽ പോകില്ല. അങ്ങനെ പോയാൽ തന്നെ അവർക്ക് അവിടെ അതിജീവിക്കാൻ ആകില്ല. കാട്ടാനകൾ അവനെ കൂട്ടണമെന്നില്ല. ഒറ്റപ്പെടുമ്പോൾ അവർ തിരിച്ച് നാട്ടിലേക്ക് എത്തുന്നു. വർഷങ്ങൾക്ക് മുൻപ് തിരുവമ്പാടി ശിവസുന്ദർ ആനയും കാട്ടിലേക്ക് പോയിട്ടുണ്ട്. 20 ദിവസം കഴിഞ്ഞപ്പോൾ അത് നാട്ടിലേക്ക് എത്തുകയായിരുന്നു. ’’– ആന ചികിത്സാ വിദഗ്ധൻ ഡോ.പി.ബി. ഗിരിദാസ് പറഞ്ഞു.
‘‘കുങ്കിയാനകൾ മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്നവയാണ്. ഭക്ഷണം പോലും സ്വന്തമായി കണ്ടെത്താൻ അവർക്ക് കഴിയില്ല. വളരെ കൃത്യതയോടെയാണ് കാട്ടാനകളെ പരിശീലിപ്പിച്ച് കുങ്കിയാനകളാക്കുന്നത്. പറയുന്ന നിർദേശങ്ങൾ അതുപോലെ അനുസരിക്കാൻ അവരെ പ്രാപ്തരാക്കുന്നു. കാട്ടിലേക്ക് പോയി തിരിച്ചെത്തിയാലും അവരുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകില്ല. കാടുകയറിയതിന് ചെറിയ ശിക്ഷയെന്ന നിലയ്ക്ക് അവരെ കുറച്ചുദിവസത്തേക്ക് കുങ്കി ദൗത്യത്തിൽ നിന്നും മാറ്റിനിർത്തുമെങ്കിലും പിന്നീട് തിരിച്ചെടുക്കാറുണ്ട്.’’– ഡോ. ഗിരിദാസ് വ്യക്തമാക്കി.
നാട്ടിലിറങ്ങി സ്ഥിരം ആക്രമണം നടത്തുന്ന കട്ടകൊമ്പനെയും ബുള്ളറ്റിനെയും കാട്ടിലേക്കു തുരത്താനാണ് തെപ്പക്കാട് ആനപ്പന്തിയിൽ നിന്നു മറ്റു മൂന്നു താപ്പാനകൾക്കൊപ്പം ശ്രീനിവാസനനെ പന്തല്ലൂരിനടുത്ത് ഇരുമ്പുപാലത്തിൽ കൊണ്ടുവന്നത്. വ്യാഴാഴ്ച പകൽ നടത്തിയ തിരച്ചിലിനു ശേഷം വിശ്രമത്തിനായി ഇരുമ്പുപാലത്തിൽ മറ്റ് ആനകൾക്കൊപ്പം ശ്രീനിവാസനെയും തളച്ചിരുന്നു. രാത്രി 8.30ന് എത്തിയ കട്ടകൊമ്പനും, ബുള്ളറ്റും ശ്രീനിവാസന്റെ അടുത്തെത്തി. തളച്ചിരുന്ന വേലിക്കല്ല് പൊട്ടിച്ചു ചങ്ങലയുമായി മൂവരും കാട്ടിൽ കയറി. വിവരമറിഞ്ഞു പാപ്പാൻമാർ നടത്തിയ തിരച്ചിലിൽ ശ്രീനിവാസനെ രാത്രി 12 മണിയോടെ വനത്തിനു സമീപത്തു നിന്നു കണ്ടെത്തി തിരിച്ചെത്തിച്ചു. കട്ടക്കൊമ്പനും, ബുള്ളറ്റിനും ഒപ്പം ചേരമ്പാടിയിലെ ജനവാസമേഖലയിൽ ആക്രമണങ്ങളുടെ പരമ്പര നടത്തിയ പാരമ്പര്യമുള്ള ശ്രീനിവാസനെ 2016ൽ വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി ആനപ്പന്തിയിലെത്തിക്കുകയായിരുന്നു.