വിഴിഞ്ഞം തുറമുഖം,ആദ്യ കപ്പലിനെ ഇന്ന് ആഘോഷങ്ങളോടെ സ്വീകരിക്കും

Advertisement

തിരുവനന്തപുരം . വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പലിനെ സർക്കാർ ഇന്ന് ആഘോഷങ്ങളോടെ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വീകരണ പരിപാടിയിൽ അയ്യായിരത്തിലധികം പൊതുജനങ്ങളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. വിവാദങ്ങൾക്കിടയിലും പ്രതിപക്ഷം ചടങ്ങിൽ പങ്കെടുക്കും.

ഇന്ന് വൈകുന്നേരം 4 മണിക്കാണ് വിഴിഞ്ഞത്തേക്ക് എത്തിയ ആദ്യ കപ്പലിന് സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്വീകരണം. നാലുമണിക്ക് ബർത്തിലേക്ക് എത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കപ്പലിനെ വരവേൽക്കും. മുഖ്യമന്ത്രി പതാക വീശും. പിന്നാലെ ആകാശത്തേക്ക് ബലൂൺ പറത്തും. ശേഷം വാട്ടർ സല്യൂട്ട് നൽകി ആദരിക്കും. നാലു മുപ്പതോടെ പൊതു പരിപാടി ആരംഭിക്കും. 5000 പേർക്ക് ഇരുന്നു പരിപാടി കാണാൻ സൗകര്യം ഉള്ള കൂറ്റൻ വേദി തയ്യാറായിക്കഴിഞ്ഞു. പരിപാടിക്ക് പങ്കെടുക്കാൻ എത്തുന്നവർ മൂന്നു മണിക്ക് മുൻപായി തുറമുഖത്ത് എത്തിച്ചേരണമെന്ന് നിർദ്ദേശമുണ്ട്. സുരക്ഷാ പരിശോധനകൾക്കുശേഷം തുറമുഖത്തിന് അകത്തേക്ക് പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കും. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ആകും ആളുകളെ സദസ്സിലേക്ക് എത്തിക്കുക. തമ്പാനൂരിൽ നിന്ന് ഉച്ചയ്ക്ക് 2 മണി മുതൽ വിഴിഞ്ഞത്തേക്കും ആറുമണി മുതൽ തിരിച്ചും സൗജന്യ ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരത്തിലധികം വരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വമ്പൻ സുരക്ഷാ സന്നാഹമാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ക്രെഡിറ്റിനെ ചൊല്ലി തർക്കം നടക്കുമ്പോഴും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ചടങ്ങിൽ ഉണ്ടാകും. ലത്തീൻ സഭാ നേതൃത്വത്തിന്റെ സാന്നിധ്യം ഉണ്ടാകുമോ എന്നുള്ളതാണ് കാത്തിരിക്കുന്നത്.

Advertisement