വാർത്താനോട്ടം

Advertisement

2023 ഒക്ടോബർ 15 ഞായർ

🌴 കേരളീയം 🌴

🙏പതിറ്റാണ്ടുകള്‍ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവ 15-ന് ഇന്ന് ഔദ്യോഗിക സ്വീകരണമൊരുക്കും.

🙏വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്നത് പരിഹാസ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നായനാരുടെ കാലത്തായിരുന്നു വിഴിഞ്ഞം തുറമുഖത്തിന്റെ ആരംഭമെന്നും ഇടതുപക്ഷ മുന്നണി അധികാരത്തില്‍ എത്തിയപ്പോഴാണ് പദ്ധതി മുന്നോട്ട് പോയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

🙏കരുവന്നൂരില്‍ നടന്നത് വലിയ തട്ടിപ്പാണെന്നും എന്നാല്‍, ഇക്കാര്യത്തില്‍ ജാഗ്രതയോടെയാണ് പാര്‍ട്ടി ഇടപെട്ടതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ഇതിന്റെ പേരില്‍ പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

🙏കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ ആര്‍ക്കൊക്കെ നല്‍കണമെന്ന് തീരുമാനിച്ചത് സിപിഎമ്മാണെന്ന ഇഡിയുടെ റിപ്പോര്‍ട്ട് തട്ടിപ്പിലെ സിപിഎം പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

🙏കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് സൗജന്യ നിയമ സഹായം നല്‍കാന്‍ ബിജെപി ലീഗല്‍ സെല്‍. തൃശ്ശൂരില്‍ ചേര്‍ന്ന മേഖല സമ്മേളനത്തിലാണ് തീരുമാനം.

🙏പിണറായി മന്ത്രിസഭയില്‍ ഗണേഷ്‌കുമാറിനെ ഉള്‍പ്പെടുത്തിയാല്‍ മന്ത്രിസഭ വികൃതമാകുമെന്ന് പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രിമാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മുഖം മിനുക്കാന്‍ പോയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും എന്നേ തനിക്ക് പറയാനുള്ളൂവെന്നും വെളളാപ്പള്ളി നടേശന്‍ പറഞ്ഞു.

🙏തനിക്കെതിരേ പറഞ്ഞാല്‍ കഥ മുഴുവന്‍ പറയാന്‍ കഴിയുന്ന അനേകം ആളുകളുണ്ടെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ. സോളാര്‍ ആരോപണങ്ങളില്‍ നിയമസഭയില്‍ താന്‍ അര്‍ധസത്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ബാക്കി സത്യം കൈയിലിരിപ്പുണ്ടെന്നും യു.ഡി.എഫിന്റെ ചില പ്രമുഖനേതാക്കള്‍ ആവശ്യപ്പെട്ടിട്ടാണ് സോളാര്‍ കേസില്‍ ആര്‍.ബാലകൃഷ്ണപിള്ള ഇടപെട്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാക്കണമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

🙏പതിനാറ് വര്‍ഷം മുന്‍പ് മാറ്റി നിര്‍ത്തപ്പെട്ട പ്രൊഫ.എം.എന്‍ വിജയന്റെ കൊടുങ്ങല്ലൂരിലുള്ള വസതിയില്‍ നിന്നും സ്മൃതി യാത്ര ആരംഭിക്കാന്‍ തീരുമാനിച്ചത് നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന വാദം വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള സമൂഹത്തിന് കഴിയില്ലെന്ന് പ്രൊഫ.എം.എന്‍ വിജയന്റെ മകനും എഴുത്തുകാരനുമായ വി.എസ് അനില്‍കുമാര്‍.

🙏നിസഹായരായ മനുഷ്യരെ കൊന്നൊടുക്കുന്ന ഭരണകൂട-സാമ്രാജ്യത്വ-ഇസ്രായേലുകള്‍ നടത്തുന്ന കൊടും ഭീകരത അവസാനിപ്പിക്കണമെന്ന് കെ.ടി.ജലീല്‍. ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുത്തില്ലെങ്കില്‍ അവര്‍ക്കിടയില്‍ ഹമാസുകള്‍ ജനിക്കുമെന്നും അത് സ്വാഭാവികമാണെന്നും കെടി ജലീല്‍ വ്യക്തമാക്കി.

🙏മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളില്‍ ശാശ്വത പരിഹാരം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമാണ് മൂന്നാര്‍ ഹില്‍ അതോറിറ്റി. വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഒപ്പം അനധികൃത നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🙏എറണാകുളം കോണ്‍ഗ്രസിലും തമ്മിലടി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെയും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജെബി മേത്തര്‍ എം പിക്കെതിരേയും ആരോപണങ്ങളുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വിമത പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുന്നുവെന്നാണ് എല്‍ദോസിന്റെ പ്രധാന ആരോപണം.

🙏കിലെയിലെ പിന്‍വാതില്‍ നിയമനത്തില്‍ ന്യായീകരണവുമായി മന്ത്രി വി.ശിവന്‍കുട്ടി. ഡിവൈഎഫ്ഐ നേതാവ് സൂര്യ ഹേമന്‍ യോഗ്യതയുള്ള ആളാണെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആളെ കിട്ടാഞ്ഞതുകൊണ്ടാണ് അവരെ നിയമിച്ചതെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

🙏പത്തനംതിട്ട കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്. 25 വര്‍ഷമായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്കാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എല്‍ഡിഎഫ് പാനലിലെ 13 പേരും-വിജയിച്ചു.

🙏വിവാഹം നടക്കാത്തതില്‍ വിഷമിച്ച് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ശ്രമം നടത്തിയ യുവാവ് മരിച്ചു. ഇടുക്കി പണിക്കന്‍കുടി സ്വദേശി തെക്കേ കൈതക്കല്‍ ജിനീഷ് (39) ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏ഓപ്പറേഷന്‍ അജയ്യുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഇന്നലെ വൈകീട്ട് ഇസ്രയേലില്‍ നിന്ന് ഡല്‍ഹിയില്‍ എത്തി. ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 235 പേരുള്ള വിമാനത്തില്‍ 33 മലയാളികള്‍ ഉണ്ടെന്നാണ് വിവരം. രണ്ടാമത്തെ പ്രത്യേക സ്പൈസ് ജെറ്റ് വിമാനം ഇന്ന് രാവിലെ 7 മണിക്ക് ദില്ലിയില്‍ എത്തും.

🙏നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രചിച്ച ഗര്‍ബോ എന്ന ഗാനം പുറത്തിറങ്ങി. വര്‍ഷങ്ങള്‍ക്കുമുമ്പ് മോദി രചിച്ച ഗാനം ജസ്റ്റ് മ്യൂസിക് യൂട്യൂബ് ചാനലാണ് പുറത്തിറക്കിയത്. വീഡിയോ കണ്ട മോദി താന്‍ പുതിയൊരു ഗര്‍ബ ഗാനം രചിച്ചിട്ടുണ്ടെന്നും അത് നവരാത്രിക്കു പുറത്തിറക്കുമെന്നും വെളിപ്പെടുത്തി.

🙏40 വര്‍ഷത്തിന് ശേഷം തമിഴ്‌നാട്ടില്‍ നിന്നും ശ്രീലങ്കയ്ക്ക് നടത്തുന്ന ഫെറി സര്‍വീസിന് തുടക്കമായി. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഫ്ളാഗ് ഓഫ് ചെയ്തതോടെയാണ് സര്‍വീസിന് വീണ്ടും ആരംഭമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു.

🙏പോപ്പുലര്‍ ഫ്രണ്ടിനു ബിഹാറില്‍ സ്വാധീനം വര്‍ധിക്കുന്നുവെന്നും നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തുഗ്ലക് ഭരണമാണു ബിഹാറിലെന്നും ആരോപിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഹിന്ദുക്കളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാനാണു നിതീഷ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

🇦🇺 അന്തർദേശീയം 🇦🇽

🙏ഗാസക്കെതിരെ ത്രിതല ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചും വടക്കന്‍ ഗാസയിലെ ജനങ്ങള്‍ ഒഴിയണമെന്ന് ആവര്‍ത്തിച്ചും ഇസ്രയേല്‍. കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ഗാസയെ ആക്രമിക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. സൈനിക നടപടി പൂര്‍ത്തിയാകുമ്പോള്‍ ഗാസയുടെ വിസ്തൃതി കുറയുമെന്നും ഇസ്രയേലിന്റെ സുരക്ഷയ്ക്കായി ഗാസ അതിര്‍ത്തിയില്‍ സംരക്ഷിത മേഖല തീര്‍ക്കുമെന്നും അവിടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും ഇസ്രയേല്‍ മന്ത്രി ഗിഡിയോണ്‍ സാര്‍ വ്യക്തമാക്കി.

🙏ഗാസ അതിര്‍ത്തിയിലെ ഇസ്രയേല്‍ സൈനികരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസ അതിര്‍ത്തിയിലെ ഇസ്രയേല്‍ സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ബെഞ്ചമിന്‍ നെതന്യാഹു എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. ഞങ്ങള്‍ എല്ലാവരും സജ്ജം എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

🙏ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അസാധാരണ അടിയന്തര യോഗം വിളിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ച് ബുധനാഴ്ചയാണ് യോഗം. ഇസ്ലാമിക് ഓര്‍ഗനൈസഷന്‍ അധ്യക്ഷ പദവി വഹിക്കുന്ന സൗദിയുടെ ക്ഷണപ്രകാരമാണ് അറബ് രാജ്യങ്ങള്‍ മന്ത്രിതലത്തില്‍ അടിയന്തര യോഗം ചേരുന്നത്.

🙏ഇസ്രയേലിനുള്ളില്‍ കടന്ന് ആക്രമണം നടത്തിയ ഹമാസ് സംഘത്തെ നയിച്ച കമാണ്ടര്‍ അലി ഖാദിയെ വധിച്ചതായി ഇസ്രയേല്‍. ഹമാസ് മിലിട്ടറി കമാന്‍ഡര്‍ അബു മുറാദിനെയും വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായും ഇസ്രയേല്‍ അറിയിച്ചു.

🙏ചൈനയും അഫ്ഗാനും തമ്മിലുള്ള ഔദ്യോഗികബന്ധം ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ സ്വപ്നമായ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുമായി സഹകരിക്കാനൊരുങ്ങുകയാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടമെന്ന് റിപ്പോര്‍ട്ടുകള്‍.

🙏ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ. മാനുഷിക ദുരന്തം ഒഴിവാക്കാന്‍ മുന്‍ഗണന നല്‍കണമെന്നും സൗദി അറേബ്യ വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ ചര്‍ച്ചയിലാണ് സൗദി വിദേശകാര്യ മന്ത്രി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്.

🙏ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ടെല്‍ അവീവിലേക്കും തിരിച്ചും ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനങ്ങള്‍ ഒക്ടോബര്‍ 18 വരെ എയര്‍ ഇന്ത്യ റദ്ദാക്കി.

🙏 കായികം 🙏

🙏2036ലെ ഒളിംപിക്സിന്റെ ആതിഥേയരാകാന്‍ ഇന്ത്യ ഒരുക്കമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) 141-ാം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഐഒസി പ്രസിഡന്റ് തോമസ് ബാച്ചിനെ സാക്ഷിയാക്കിയായിരുന്നു മോദിയുടെ വാക്കുകള്‍. 40 വര്‍ഷത്തിനു ശേഷം രണ്ടാമത്തെ ഐഒസി സെഷനാണു രാജ്യം വേദിയാകുന്നത്.

🙏ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ പാകിസ്ഥാനെതിരായ ക്രിക്കറ്റ് യുദ്ധത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. 63 പന്തില്‍ നിന്ന് 86 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

🙏പരിക്കേറ്റതിനെ തുടര്‍ന്ന് ഏഴ് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്നശേഷം ലോകകപ്പിലൂടെ ടീമില്‍ തിരിച്ചെത്തിയ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് വീണ്ടും പരിക്കേറ്റു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ വില്യംസണ് അടുത്ത മത്സരങ്ങളില്‍ കളിക്കാനാവില്ലെന്ന് ഉറപ്പായി.