തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ വർഷം 400 കോടിയോളം രൂപ നികുതി അടക്കമുള്ള ഇനങ്ങളിൽ സംസ്ഥാന സർക്കാരിനു ലഭിക്കും. സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാരിനു വലിയ നേട്ടമാകും ഇത്. കരാർ പ്രകാരം 15–ാം വർഷം മുതലാണു സർക്കാരിനു ലാഭ വിഹിതം കിട്ടുകയെങ്കിലും അതിനു മുൻപുതന്നെ നികുതി വരുമാനം ലഭിക്കുന്നതു ബോണസാണ്.
കപ്പലുകളിൽനിന്നു തുറമുഖം ഈടാക്കുന്ന ഫീസ്, കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിനുള്ള നിരക്കുകൾ, ഇന്ധനം നിറയ്ക്കുന്നതിനുള്ള ചെലവ് തുടങ്ങിയവയുടെ ചരക്കു സേവന നികുതിയാണ് (ജിഎസ്ടി) സർക്കാരിനുള്ള മുഖ്യ വരുമാനം. മിക്ക ഇടപാടുകൾക്കും 18% ആണു ജിഎസ്ടി.
ഇതു കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതിച്ചെടുക്കും. തുറമുഖത്തേക്ക് എത്തുന്ന യന്ത്രങ്ങൾക്കും മറ്റുമുള്ള ഐജിഎസ്ടിയാണു മറ്റൊരു മുഖ്യവരുമാനം. കഴിഞ്ഞദിവസം 3 ക്രെയിനുകൾ എത്തിച്ചപ്പോൾ 30 കോടി രൂപ ജിഎസ്ടി ലഭിച്ചു.
2027 ൽ തുറമുഖം പൂർണ സജ്ജമാകുന്നതോടെ 30 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകും. കൊളംബോ, ദുബായ് ജബൽഅലി, സിംഗപ്പൂർ തുറമുഖങ്ങളെ ആശ്രയിക്കുന്ന കപ്പലുകളിൽ മുക്കാൽ പങ്കും അതോടെ വിഴിഞ്ഞത്തേക്കു വന്നേക്കും. തുറമുഖത്തിനു വർഷം 2500 കോടിയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ചരക്കുകപ്പൽ ഷെൻഹുവ–15 ഇന്നു വൈകിട്ടു നാലി ന് ഔദ്യോഗികമായി തുറമുഖ ബെർത്തിൽ അണയും. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.