തൊടുപുഴ: ചെറുതോണിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയ സ്വീകരണത്തിനുശേഷം സൗഹൃദം പങ്കിട്ട് എം.എം.മണിയും കെ.കെ.ശിവരാമനും. ഇടുക്കിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച വിഷയത്തിന്മേൽ കെ.കെ. ശിവരാമൻ – എം.എം.മണി പോരു നടന്നതിനു പിന്നാലെയാണു ഇരുവരും ആദ്യമായി ഒരു വേദി പങ്കിട്ടത്.
സിപിഎം നിലപാടിനെ തള്ളി കെ.കെ.ശിവരാമൻ പോസ്റ്റിട്ടിരുന്നു. ഇതിൽ എം.എം.മണി വിയോജിപ്പു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ചെറുതോണിയിലെ പരിപാടിക്കുശേഷം മണിയും ശിവരാമനും കൈപിടിച്ചായിരുന്നു വേദിയിൽനിന്നിറങ്ങിയത്. ഞങ്ങൾ തമ്മിൽ നേരത്തെയും തർക്കമൊന്നുമില്ല. പ്രശ്നങ്ങൾക്കു പരിഹാരം കണ്ടു. ബാക്കി പിന്നാലെ പാക്കലാം എന്നായിരുന്നു എം.എം.മണി പറഞ്ഞു. മണിയാശാൻ പറഞ്ഞതുപോലെ തന്നെയെന്നും കൂടുതലായിട്ടൊന്നുമില്ലെന്നായിരുന്നു കെ.കെ.ശിവരാമന്റെ പ്രതികരണം.