സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത

Advertisement

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്ന റിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും പ്രവചനം. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി പത്ത് ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മലയോര മേഖലകളിൽ മഴ കനത്തേക്കും. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും സർക്കാർ
സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. 
തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കർണാടക
തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല. 
കേരള – തെക്കൻ തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.കേരള – ലക്ഷദ്വീപ് തീരത്തിനു സമീപം സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ചൊവ്വാഴ്ചയോടെ തെക്ക് കിഴക്കൻ  അറബികടലിനു മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കും. ഇതിൻ്റെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം.

Advertisement