ഒറ്റ രാത്രി മഴയില്‍ സംസ്ഥാന തലസ്ഥാനം താറുമാറായി

Advertisement

തിരുവനന്തപുരം. ഒറ്റ രാത്രി മഴയില്‍ സംസ്ഥാന തലസ്ഥാനം താറുമാറായി. എല്ലാ സംവിധാനങ്ങളെയും മരവിപ്പിച്ച് വെള്ളം ഉയരുമ്പോള്‍ നമ്മുടെ സംവിധാനങ്ങളുടെ അപര്യാപത്ത അധികൃതര്‍ക്ക് മൂക്കിനുതാഴെ കാണേണ്ട ഗതികേടാണ് ഉണ്ടായത്. അതി ശക്തമായ മഴയിൽ തലസ്ഥാനം മുങ്ങിയപ്പോൾ ചർച്ചകളും ചൂട് പിടിക്കുകയാണ്. കഴക്കൂട്ടം- കാരോട് ബൈപ്പാസ് നിർമ്മാണത്തിലെ അപാകത മുതൽ ടെക്നോപാർക്ക് അശാസ്ത്രീയ നിർമാണം വരെ വെള്ളകെട്ടിന് കാരണമായി പറയുന്നു.

തലസ്ഥാനത്ത് പെയ്യുന്ന മഴയിൽ തമ്പാനൂരിലെ വെളള കെട്ടായിരുന്നു നേരത്തേ ചർച്ച ആയിരുന്നതെങ്കിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നഗരത്തിന്റെ മറ്റു പ്രധാന ഭാഗങ്ങളും മുങ്ങുന്ന സ്ഥിതിയാണ് ഉണ്ടായത്. കഴകൂട്ടം കാരോട് ബൈപാസും, ടെക്നോപാർക്കും, ചാക്ക – കഴകൂട്ടം മേഖലകളും ഒക്കെ വെള്ളത്തിലായപ്പോൾ വലിയ വിമർശനങ്ങളാണ് ഉയർന്നത്. വെളള കെട്ട് ഉണ്ടായിടത്തെല്ലാം ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം. പലപ്രധാനറോഡുകളിലെയും ഗതാഗതം ഒഴിവാക്കാന്‍ സമൂഹമാധ്യമങ്ങളിലും ചാനലുകളിലും മുന്നറിയിപ്പുവന്നു.

ശാസ്ത്രീയമായ ഓട നിർമ്മാണത്തിലുണ്ടായ പിഴവുകളും , അനധികൃത നിർമിതികൾ നിയന്ത്രിക്കാത്തതുമാണ് വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമെന്ന് ജനങ്ങൾ ആരോപിക്കുന്നു. കഴക്കൂട്ടം മേഖലയിൽ ഒരിക്കലും ഇല്ലാതിരുന്ന വെള്ളപ്പൊക്കം ടെക്നോപാർക്കിന്റെ അശാസ്ത്രീയ നിർമ്മാണം കാരണമാണ് ഉണ്ടായതെന്നാണ് ആരോപണം. പൊളിച്ചിട്ട റോഡുകളും റോഡിലെ കുഴികളുമാണ് കുമാരപുരം ഭാഗത്ത് വെള്ളക്കെട്ടിന് കാരണമായത്. വർക്കല പാപനാശത്ത് കുന്നിടിഞ്ഞതും സർക്കാരിൻറെ അനാസ്ഥ കാരണമെന്ന് നാട്ടുകാർ പറയുന്നു. കുന്നുകൾ ദുർബലമാണെന്ന് അറിഞ്ഞിട്ടും അടിയന്തര നടപടികൾ എടുക്കാത്തത് മൂലമാണ് തകർന്നത്. കൂടുതൽ മഴപെയ്താൽ വീണ്ടും കുന്ന് ഇടിയാനുള്ള സാധ്യതയുണ്ട്. അതേ സമയം കേരളത്തിന്റെ കാലാവസ്ഥ പ്രവചനീതമായ സ്ഥിതിയിലേക്ക് മാറുന്നു എന്നാണ് സർക്കാർ വിലയിരുത്തൽ.

Advertisement