ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ആലപ്പുഴ കളര്‍കോട് പക്കി ജംക്‌ഷനു സമീപമുള്ള ലോഡഡ് കഫേ, വഴിച്ചേരി വാര്‍ഡില്‍ പാത്തുമ്മയുടെ ചായക്കട, മുല്ലക്കല്‍ വാര്‍ഡില്‍ ബേയ്റൂട്ട് ബിസ്ട്രോ റസ്റ്ററന്‍റ് എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്.
ലോഡഡ് കഫേയില്‍നിന്നു പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ചിക്കന്‍ കറി, ഗ്രേവി, അപ്പം, ചോറ്, ഫ്രൈഡ് റൈസ്, മയണൈസ്, കടലക്കറി, പൊറോട്ട, വാഴക്കാപ്പം, സമൂസ, സുഖിയന്‍, പഴകിയ അരിപ്പൊടി എന്നിവയും, പാത്തുമ്മയുടെ ചായക്കടയില്‍നിന്നും ബീഫ് ഫ്രൈ, സാമ്പാര്‍, പുളിശേരി എന്നിവയും, ബിസ്ട്രോ റസ്റ്ററന്‍റില്‍നിന്നും ബീഫ് ഫ്രൈ, മട്ടന്‍ ഫ്രൈ, മസാല, ഒനിയന്‍ ഗ്രേവി എന്നിവയുമാണു പിടിച്ചെടുത്ത് നശിപ്പിച്ചത്. നാദാ ബേക്കറിയില്‍നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടിച്ചെടുത്തു.
ചങ്ങനാശേരി ജംക്‌ഷനില്‍ ലാല്‍ ഹോട്ടല്‍, വിജയ ഹോട്ടല്‍, പക്കി ജംക്‌ഷനില്‍ എംഎസ് ഫുഡ് പ്രോഡക്ട്സ്, മുല്ലക്കല്‍ വിഎന്‍എസ് കഫേ, വഴിച്ചേരി അയോധ്യ ഹോട്ടല്‍ എന്നീ സ്ഥാപനങ്ങള്‍ക്കു ശുചിത്വ നിലവാരം തൃപ്തികരമല്ലാത്തതായി കണ്ടെത്തി നോട്ടിസ് നല്‍കി. പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ച ചാത്തനാട് വാര്‍ഡില്‍ വാലുപറമ്പില്‍ സെയ്ഫുദ്ദീന്‍, കരുമാടി അറയ്ക്കല്‍ വീട്ടില്‍ ടി.ജി.ഗോപന്‍ എന്നിവരില്‍നിന്നും പിഴയീടാക്കാൻ നോട്ടിസ് നല്‍കി. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.കൃഷ്ണമോഹന്‍, ബി.മനോജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഐ.കുമാര്‍, വിനീത പി.ദാസന്‍, ഐ.അനീസ്, ആര്‍.റിനോഷ്, ടെന്‍ഷി സെബാസ്റ്റ്യന്‍ എന്നിവർ പങ്കെടുത്തു.