സംസ്ഥാന കായികമേളയ്ക്ക് എത്തിയ വിദ്യാർത്ഥികൾക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് വാഹന യാത്ര സൗകര്യമില്ല,പരാതി

Advertisement

തൃശൂര്‍. സംസ്ഥാന കായികമേളയ്ക്ക് എത്തിയ വിദ്യാർത്ഥികൾക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് വാഹന യാത്ര സൗകര്യമൊരുക്കാത്തതിൽ പ്രതിഷേധം. സാധാരണ നിലയിൽ മേളയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് വാഹനം ഒരുക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ റെയിൽവേ സ്റ്റേഷനിൽ നിന്ന് വിദ്യാർത്ഥികൾക്ക് വാഹനം ഒരുക്കിയില്ല. പല ബസ്സുകളിലായി വിദ്യാർഥികളെ കുന്നംകുളത്തേക്ക് കയറ്റി വിടുകയായിരുന്നു.


മേള കുന്നംകുളത്ത് നടക്കുന്നതിനാൽ കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് മാത്രമേ വാഹനം ഒരുക്കാൻ കഴിയൂ എന്നായിരുന്നു ഗതാഗത കമ്മിറ്റി അറിയിച്ചത്. ഇതോടെ റെയിൽവേ സ്റ്റേഷനിൽ എത്തിയ വിദ്യാർത്ഥികൾ വലഞ്ഞു. പിന്നീട് കെഎസ്ആർടിസി ബസുകളെയും സ്വകാര്യബസ്സുകളെയും ആശ്രയിച്ചാണ് വിദ്യാർത്ഥികൾ കുന്നംകുളത്ത് എത്തിയത്. ജാവലിൻ ഉൾപ്പെടെയുള്ള കായികോപകരണങ്ങൾ ബസ്സിൽ കയറ്റാൻ സ്വകാര്യ ബസ്സുകൾ ഉടമകൾ വിസമ്മതിച്ചതോടെ ചില വിദ്യാർത്ഥികൾക്ക് ഏറെനേരം വഴിയിൽ കാത്തു നിൽക്കേണ്ടി വന്നു.

വിദ്യാർത്ഥികളുടെ ദുരിതം കണ്ട കെഎസ്ആർടിസി അധികൃതർ രജിസ്ട്രേഷൻ നടക്കുന്ന ബഥനി സ്കൂളിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ പുറത്തെത്തി വിദ്യാർത്ഥികളെ വിവിധ ബസ്സുകളിൽ കയറ്റിവിട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. വിദ്യാർഥികൾക്ക് യാത്രാസൗകര്യം ഒരുക്കാതിരുന്ന ഗതാഗത കമ്മിറ്റിക്കെതിരെ സംഘാടകർക്കിടയിൽ തന്നെ പ്രതിഷേധം ശക്തമാണ്.