സര്‍ക്കാരിന്റെ വിഴിഞ്ഞം ആഘോഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മാമാങ്കം,തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര

Advertisement

തിരുവനന്തപുരം: വിഴിഞ്ഞത്തെ സര്‍ക്കാരിന്റെ ആഘോഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മാമാങ്കം മാത്രമാണെന്ന് തിരുവനന്തപുരം അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര.

എന്തിനാണ് ഇത്രയും വലിയ ആഘോഷം. തുറമുഖത്തേക്ക് കപ്പല്‍ അടുക്കുന്നുണ്ടായിരുന്നുവെങ്കില്‍ മനസ്സിലാക്കാം. കപ്പല്‍ അടുപ്പിക്കുന്ന ക്രെയിന്‍ ഇറക്കുന്നതാണ് ആഘോഷമാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പെരുമാതുറയിലും മുതലപ്പൊഴിയിലും മുങ്ങിമരിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പോലും നല്‍കിയിട്ടില്ല. 145 ദിവസം നീണ്ട ഐതിഹാസിക സമരം നടന്നപ്പോള്‍ ഏഴ് വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നല്‍കി. ഒന്നുപോലും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സഭാ പ്രതിനിധികളുമായി ആലോചിക്കാതെ നോട്ടീസില്‍ ആര്‍ച്ച് ബിഷപ്പുമാരുടെ പേര് വയ്ക്കുന്നു. അതെല്ലാം അനുചിതമാണ്.

തുറമുഖ നിര്‍മ്മാണം തൊഴില്‍ സാധ്യത നല്‍കുന്നില്ല. 509 തൊഴില്‍ നല്‍കുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. വല്ലാര്‍പാടത്തെ പോലെ ട്രാന്‍സ്മന്‍ ഷിപ്പ് ആണിവിടെ കൊണ്ടുവരുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെലവ് നടത്തിയുള്ള മാമാങ്കം മാത്രമാണ്.

സഹകരണ സംഘങ്ങളിലും നിക്ഷേപങ്ങള്‍ക്ക് ആളുകള്‍ക്ക് ചികിത്സയ്ക്കു പോലും പണം ലഭിച്ചിട്ടില്ല. ആ സമയത്താണ് സര്‍ക്കാര്‍ ഈ ആഘോഷം നടത്തുന്നത്.

സര്‍ക്കാരിന്റെ ആഘോഷ പരിപാടിയില്‍ സഭ ആരെയും വിലക്കിയിട്ടില്ല. പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുമില്ല. വഞ്ചനാദിനവും കരിദിനവും ആചരിക്കാനുള്ള മത്സ്യത്തൊഴിലാളികളെ തങ്ങള്‍ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്.

വിഴിഞ്ഞം ഇടവക നാളെ കരിദിനം ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. അത് കേട്ടയുടന്‍ മന്ത്രിമാര്‍ ഒഴുകിയെത്തി അവരെ അനുനയിപ്പിക്കാന്‍ വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് അറിയുന്നു.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുടക്കിക്കൊണ്ട് വികസനത്തെയാണ് ചോദ്യം ചെയ്യുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ഭയവും ആശങ്കയുമാണെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം ഇടവക സര്‍ക്കാര്‍ പരിപാടിയെ സ്വാഗതം ചെയ്തുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisement