പി.ജയരാജൻറെ പരാതിയിൽ കെ.എം.ഷാജിക്കെതിരായ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി

Advertisement

കൊച്ചി∙ സിപിഎം നേതാവ് പി.ജയരാജൻറെ പരാതിയിൽ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം.ഷാജിക്കെതിരെ എടുത്ത അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ടു നിസാര വകുപ്പുകൾ ചുമത്തിയതിനെതിരെ കെ.എം.ഷാജി നടത്തിയ പരാമർശം അപകീർത്തികരമാണെന്നായിരുന്നു കേസ്.

കണ്ണൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. തന്റെ പരാമർശങ്ങൾ പൊതുതാൽപര്യം മുൻനിർത്തിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കെ.എം.ഷാജി സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഷുക്കൂർ വധക്കേസിൽ 118 എന്ന ദുർബലമായ വകുപ്പിന്റെ ആനുകൂല്യത്തിൽ പി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്വൈരവിഹാരം നടത്തുന്നത് ഇനിയും ഈ കേസിലെ മരണപ്പട്ടിക നീളാൻ ഇടയാക്കുമെന്നു സംശയിക്കുന്നു എന്നായിരുന്നു ഷാജിയുടെ പ്രസ്‌താവന. ഈ പ്രസ്‌താവന അപകീർത്തികരമാണെന്ന വാദവുമായാണു ജയരാജൻ കോടതിയെ സമീപിച്ചത്.