പിണറായി സർക്കാരിനെതിരെ യുഡിഎഫിന്റെ സെക്രട്ടറിയറ്റ് വളയൽ സമരം തുടങ്ങി; എല്ലാ കവാടങ്ങളും ഉപരോധിക്കും

Advertisement

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫിന്റെ സെക്രട്ടറിയറ്റ് വളയൽ സമരം തുടങ്ങി. ദുർഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതികൊള്ളക്കും എതിരെ ആണ് സമരമെന്നാണ് യുഡിഎഫ് അറിയിച്ചത്. സെക്രട്ടറിയറ്റിൻറെ എല്ലാ കവാടങ്ങളും ഉപരോധിക്കും. രാവിലെ ഏഴ് മണിക്ക് തന്നെ യുഡിഎഫ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുമ്പിൽ എത്തിത്തുടങ്ങിയിരുന്നു. മഹിള കോൺഗ്രസ് പ്രവർത്തകരാണ് രാവിലെ സമരം ആരംഭിച്ചത്.രാവിലെ 9.30ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്യും. ‘റേഷൻകട മുതൽ സെക്രട്ടറിയറ്റ് വരെ ഉപരോധം’ എന്ന സമരത്തിൻ്റെ ഭാഗമായാണ് ഇന്നത്തെ സെക്രട്ടറിയറിയറ്റ് വളയൽ.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള യുഡിഎഫ് പ്രവർത്തകർ ആണ് സെക്രട്ടേറിയറ്റിൻറെ പ്രധാന ഗേറ്റുകളിൽ പ്രതിഷേധിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നുമുള്ള യുഡിഎഫ് പ്രവർത്തകരും പങ്കെടുക്കും. ഓരോ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ ഏതെല്ലാം ഗേറ്റുകളിൽ സമരം നടത്തണമെന്ന് മുന്നണി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement