‘പുത്രി ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാൻ, ചില്ലു മേടയിൽ ഇരുന്നെന്നെ കല്ലെറിയല്ലേ’: മുഖ്യമന്ത്രിയെ പരിഹസിച്ച് പാട്ടുമായി രമ്യ

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പാട്ടുപാടി കോൺഗ്രസ് എംപി രമ്യാ ഹരിദാസ്. ‘‘പുത്രി ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാൻ, ചില്ലു മേടയിൽ ഇരുന്നെന്നെ കല്ലെറിയല്ലേ, എന്നെ കല്ലെറിയല്ലേ’’ – എന്നായിരുന്നു പാട്ട്. ‘സഖാവിന്റെ അവസ്ഥയെന്താണ്, മുഖ്യമന്ത്രിയുടെ’ എന്നു ചോദിച്ചുകൊണ്ടായിരുന്നു രമ്യയുടെ പാട്ട്.

റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെയായിരുന്നു രമ്യയുടെ ഗാനാലാപനം. ‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യമുയർത്തിയാണ് യുഡിഎഫിന്റെ ഉപരോധം. ‘റേഷൻകട മുതൽ സെക്രട്ടേറിയറ്റ് വരെ ഉപരോധം’ എന്ന സമരത്തിന്റെ ഭാഗമായാണ് പ്രക്ഷോഭം.