പുൽപള്ളി: ഭാര്യയോടുള്ള ഒടുങ്ങാത്ത പക തീർക്കാനാണു മകൻ തെക്കേക്കര അമൽദാസിനെ (22) വധിച്ചതെന്ന് പിതാവ് ശിവദാസൻ (54) പൊലീസിനു മൊഴി നൽകി. ഭാര്യ സരോജിനി ഒപ്പം വന്നു താമസിക്കാത്തതിൽ വിരോധമുണ്ടായിരുന്നതായി പ്രതി സമ്മതിച്ചു.
ഭാര്യയുമായി സ്ഥിരം വഴക്കുണ്ടാക്കിയിരുന്ന ശിവദാസനെ ഭയന്നാണ് സരോജിനിയും മകൾ കാവ്യയും കബനിഗിരിയിലെ വീട്ടിലേക്ക് താമസം മാറിയത്. അടുത്തിടെ സരോജിനി വീട്ടുജോലിക്ക് ഗോവയിൽ പോയതും പകവർധിക്കാൻ കാരണമായി. ഭാര്യ ഒപ്പം താമസിക്കണമെന്നാവശ്യപ്പെട്ട് ശിവദാസൻ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു.
എന്നാൽ, ശിവദാസൻ പലവട്ടം കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും ഒപ്പം പോകില്ലെന്നുമാണു സരോജിനി അറിയിച്ചത്. പഞ്ചായത്ത്തല ജാഗ്രതാ സമിതിയിലും പരാതിയെത്തിയിരുന്നു. അമ്മയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കണമെന്ന് തിങ്കളാഴ്ച രാവിലെ ശിവദാസൻ മകൻ അമൽദാസിനോടാവശ്യപ്പെട്ടു. പിതാവിന്റെ നിർദേശ പ്രകാരം ഫോൺ സ്പീക്കറിലിട്ട് അമൽ അമ്മയെ വിളിച്ച് ഇക്കാര്യം പറഞ്ഞു.
വരില്ലെന്ന സരോജിനിയുടെ മറുപടി കേട്ട് വീടിനു പുറത്തിറങ്ങിയ ശിവദാസൻ കോടാലിയെടുത്ത് മകന്റെ തലയിലിടിച്ചു. കട്ടിലിൽ കമിഴ്ന്നു കിടന്ന് ഫോണിൽ സംസാരിക്കുകയായിരുന്ന അമൽ തല തകർന്ന് തൽക്ഷണം മരണം സംഭവിച്ചു. കോടാലി വീടിന് പുറത്തിട്ട് ഉടൻ സ്ഥലംവിട്ട ശിവദാസൻ റോഡ് മുറിച്ചുകടന്ന് കതവക്കുന്ന് വനത്തിലൂടെ കല്ലുവയൽ ഭാഗത്തേക്ക് നീങ്ങി.
ഇതിനിടെ ഫോൺ വനത്തിലെറിഞ്ഞു നശിപ്പിച്ചു. കാട് കടന്ന് നാട്ടിലിറങ്ങിയ ശിവദാസൻ ഊടുവഴികളിലൂടെയും ജനവാസമില്ലാത്ത സ്ഥലങ്ങളിലൂടെയും ചുറ്റിക്കറങ്ങി. രാത്രി ഏതെങ്കിലും ബസിൽ കയറി സ്ഥലം വിടാനായിരുന്നു പദ്ധതിയെന്ന് പൊലീസിനോടു പറഞ്ഞു. സന്ധ്യയോടെ കേളക്കവലയിലെത്തിയപ്പോൾ നാട്ടുകാരുടെ മുന്നിൽ പെട്ടു. തുടർന്നു പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ പോയ വഴി പൊലീസ് നായയും പിന്തുടർന്നിരുന്നു.
ഒട്ടും കുറ്റബോധമില്ലാതെയാണ് പ്രതി തെളിവെടുപ്പുമായി സഹകരിച്ചതെന്നു പൊലീസ് പറഞ്ഞു. തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാരും ബന്ധുക്കളും പ്രതിക്കെതിരെ രോഷാകുലരായി. ഫോൺ എറിഞ്ഞ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വൈകിട്ട് കോടതിയിൽ ഹാജരാക്കിയ ശിവദാസനെ റിമാൻഡ് ചെയ്തു. അമൽദാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു.
സുഹൃത്തുക്കളും നാട്ടുകാരുമടക്കം വൻജനാവലി കതവക്കുന്നിലെ വീട്ടുവളപ്പിലെത്തിയിരുന്നു. ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷെരീഫ്, പുൽപള്ളി പൊലീസ് ഇൻസ്പെക്ടർ എ.അനന്തകൃഷ്ണൻ, എസ്.ഐ. സി.ആർ.മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.