ലഹരി വേട്ട തുടര്‍ന്ന് പോലീസ്;71 ഗ്രാം എം.ഡി.എം.എ യുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

Advertisement

കൊല്ലം:
കൊട്ടിയം പോലീസ് നടത്തിയ മയക്ക് മരുന്ന് വേട്ടയില്‍ 71.6 ഗ്രാം എം.ഡി.എം.എ യുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥി പോലീസ് പിടിയിലായി. കോഴിക്കോട്, കിഴക്കോത്ത്, പാനൂര്‍ പുതുപ്പറമ്പില്‍ മുഹമ്മദ് മകന്‍ നൗഫല്‍(28) ആണ് ജില്ലാ ഡാന്‍സാഫ് ടീമും കൊട്ടിയം പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നാലാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയാണ് പിടിയിലായ നൗഫല്‍. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പനക്കും വിതരണത്തിനുമായി എത്തിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എ ആണ് പിടികൂടിയത്. ജില്ലയിലെ ക്യാമ്പസുകളില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലഹരി മരുന്നുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ എത്തിച്ച് വിതരണം നടത്തുന്ന സംഘങ്ങളെ പറ്റി, ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ഡാന്‍സാഫ് ടീം നടത്തി വന്ന നിരീക്ഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും എം.ഡി.എം.എ യുമായി ഇയാള്‍ ബസില്‍ വരുന്നതായി മനസ്സിലാക്കിയ പോലീസ് സംഘം കൊട്ടിയം ജംഗ്ഷനില്‍ ബസ് തടഞ്ഞ് നടത്തിയ പരിശോധനയില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി മരുന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയുമായി കുളപ്പാടത്തെ ഇയാളുടെ താമസ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയില്‍ ഹാഷിഷ് ഓയിലും, എം.ഡി.എം.എ യും ഗഞ്ചാവ് പൊതിയും പോലീസ് സംഘം കണ്ടെടുത്തു. സുഹൃത്ത് വഴി ബാംഗ്ലൂരില്‍ നിന്നുമാണ് ലഹരി മരുന്നുകള്‍ വാങ്ങുന്നതെന്നും പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പന നടത്താന്‍ വേണ്ടിയാണ് ഇവ എത്തിച്ചതെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആന്‍റി നര്‍ക്കോട്ടിക്ക് ചുമതലയുള്ള ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്‍റെ മേല്‍നോട്ടത്തിലുള്ള പോലീസ് സംഘമാണ് ജില്ലാ പോലീസിന്‍റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. സിറ്റി പോലീസിന്‍റെ നേതൃത്വത്തില്‍ നടത്തിയ നീക്കങ്ങളുടെ ഫലമായി ഈ വര്‍ഷം 1.257 കിലോ എം.ഡി.എം.എ ആണ് പിടികൂടാനായത്.
അഡീഷണല്‍ എസ്.പി സോണി ഉമ്മന്‍ കോശിയുടെ നേതൃത്വത്തിലുമുള്ള ഡാന്‍സാഫ് ടീമും ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്‍റെ നിര്‍ദ്ദേശാനുസരണം കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ നിഥിന്‍ നളന്‍, സലീം കുമാര്‍ എ.എസ്.ഐ മാരായ ഫിറോസ്ഖാന്‍, ഗിരീശന്‍, സി.പി.ഒ മാരായ പ്രവീണ്‍, സന്തോഷ് ലാല്‍ എന്നിവരും അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വിദ്യാര്‍ത്ഥികളും യുവജനങ്ങളും പോലീസിന്‍റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും ക്യാമ്പസുകളിലും മറ്റും മയക്ക് മരുന്നുകള്‍ വിതരണം നടത്തുന്ന ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ യോദ്ധാവ്-9995966666 പോലെയുള്ള സംവിധാനങ്ങള്‍ വഴി പോലീസിന് കൈമാറണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Advertisement