മാനസിക ആരോഗ്യം നന്നായിരിക്കണമെങ്കിൽ നല്ല ജീവിത സാഹചര്യം അത്യന്താപേക്ഷിമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ

Advertisement

കോഴിക്കോട്: ഒരു വ്യക്തിയുടെ മാനസിക ആരോഗ്യം ആ വ്യക്തി ജീവിക്കുന്ന ചുറ്റുപാടിനെ അനുസരിച്ചായിരിക്കുമെന്നും മാനസിക ആരോഗ്യം നന്നായിരിക്കണമെങ്കിൽ നല്ല ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, സാമൂഹിക ഇടപെടലുകൾ തുടങ്ങിയവ അത്യന്താപേക്ഷിതമാണെന്നും മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ എം.എൽ.എ പറഞ്ഞു. മാനസിക ആരോഗ്യം ആനുകൂല്യമല്ല, അവകാശമാണ് എന്ന വിഷയത്തിൽ പ്രമുഖ കൗൺസിലിംഗ് സൈക്കോതെറാപ്പി കേന്ദ്രമായ സ്കൈ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ഇത്തരം സാഹചര്യങ്ങൾ എല്ലാവരിലും എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. നല്ലൊരു സാമൂഹിക അന്തരീക്ഷം സൃഷ്ടിച്ച് നമുക്കൊരുമിച്ചു മുന്നേറാം എന്നും ശൈലജ കൂട്ടിച്ചേർത്തു. ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ചായിരുന്നു കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ സെമിനാർ സംഘടിപ്പിച്ചത്.

മാനസിക ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യവും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷത്തോടെയായിരുന്നു സെമിനാർ സംഘടിപ്പിച്ചത്. സംബന്ധിച്ച് തൃശൂർ പ്രജ്യോതി നികേതൻ കോളേജിലെ സൈക്കോളജി വിഭാഗം മേധാവിയും അസി.പ്രൊഫസറുമായ ഡോ. മിലു മരിയ ആന്റോ മുഖ്യ പ്രഭാഷണം നടത്തി. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും അതുമായി ബന്ധപ്പെട്ട തടസങ്ങളെ തകർത്തെറിയാനും അതിനെ അഭിസംബോധന ചെയ്യാനും പ്രാപ്തരായ ഒരു സമൂഹത്തിനെ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. മിലു പറഞ്ഞു. വിവര സാങ്കേതിക വിദ്യ അനുസ്യൂതം വളർന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ മാനസിക ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങിൽ കോഴിക്കോട് ഇംഹാൻസിലെ സൈക്യാട്രി വിഭാഗം ഡയറക്ടർ ഇൻ ചാർജും അസി. പ്രൊഫസറുമായ ഡോ. പി.കെ അനീഷ് അധ്യക്ഷത വഹിച്ചു. സൈക്കോളജി സർക്കിൾ പ്രസിഡന്റും ഇംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ സോനു എസ് ദേവ്, അന്വേഷി വുമൻ കൗൺസിലിംഗ് സെന്റർ അധ്യക്ഷ കെ. അജിത, കോഴിക്കോട് ലോ കോളേജ് അസി. പ്രൊഫസർ പി.കെ അനീസ്, സ്കൈയുടെ മാനേജിംഗ് പാർട്ണറും സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ നിമ്മി മൈക്കിൾ, മാനേജിംഗ് പാർട്ണറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഹാദിയ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഗോപിക സുരേഷ്, കൗൺസിലിംഗ് സൈക്കോളജിസ്റ്റ് അശ്വതി ദീപക് തുടങ്ങിയവർ സംസാരിച്ചു.

Advertisement