കാസർഗോഡ്. കറന്തക്കാട് സ്വകാര്യ ബസിൽ നിന്ന് തല പുറത്തിടുമ്പോൾ വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥി മരിച്ചു. മന്നിപ്പാടി ഹൗസിങ് കോളനിയിലെ സുനില്‍കുമാറിന്‍റെ മകനും ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ മൻവിത് (15)ആണ് മരിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യ ചുമത്തി കാസർഗോഡ് ടൌൺ പൊലീസ് കേസെടുത്തു.
ക്ലീനറില്ലാത്തതിനാൽ വിദ്യാർത്ഥി ബസിന്‍റെ പിന്നിലെ വാതിലിന് സമീപത്ത് നിന്നാണ് യാത്ര ചെയ്തത്. വിദ്യാർത്ഥികളെ ക്ലീനറായി ഉപയോഗിച്ചതിന് ഇതേ ബസിനെതിരെ അഞ്ച് മാസം മുമ്പ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു. തുടരന്വേഷണത്തിന് ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.