പൊതുഭരണ വകുപ്പ് ഓഫീസിൽ സ്ഥാപിച്ചത് 13,440 രൂപയുടെ കിടിലൻ മ്യൂസിക് സിസ്റ്റം! ജോലിയുടെ കൂടെ ഇനി പാട്ടും…

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കീഴിലുള്ള പൊതു ഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസിൽ മ്യൂസിക് സിസ്റ്റം സ്ഥാപിച്ചു. 13,440 രൂപ ചെലവാക്കിയാണ് മ്യൂസിക് സിസ്റ്റം സ്ഥാപിച്ചിട്ടുള്ളത്. കൂടുതൽ സെക്രട്ടറിമാർ ഇനി മ്യൂസിക് സിസ്റ്റം ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് പുതിയ പരീക്ഷണം എന്നതും ഏറെ ശ്രദ്ധേയമാണ്.

പൊതു ഭരണ വകുപ്പിൽ ഓൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ കൈകാര്യം ചെയ്യുന്ന എഐഎസ് വകുപ്പിൽ മ്യൂസിക് ആസ്വദിച്ച് ജീവനക്കാര്‍ക്ക് ജോലി ചെയ്യാം. ജൂലൈ 14 ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസിന് സമീപത്താണ് എഐഎസ് സെക്ഷൻ സ്ഥിതി ചെയ്യുന്നത്. അതേ സമയം, ഏതൊക്കെ പാട്ടുകളാകും ഇവിടെ അലയടിക്കുക എന്ന കാര്യം ഉത്തരവിലില്ല. പ്രണയ​ഗാനങ്ങളാണോ അടിപൊളി പാട്ടുകളാണോ വിഷാദ​ഗാനങ്ങളാണോ അതോ ഇനി വിപ്ലവ​ഗാനങ്ങളാണോ എന്ന കാര്യങ്ങളിലൊന്നും വ്യക്തതയില്ല.

അതിൽ തന്നെ പഴയ പാട്ടുകളാണോ പുതിയ ന്യൂജെൻ പാട്ടുകളാണോ എന്ന കാര്യവും അറിയില്ല. മറ്റൊരു കാര്യം ഈ പാട്ട് എല്ലാവർക്കും സ്വീകാര്യമാകുമോ എന്നതാണ്. പല പ്രായത്തിലുള്ള പല അഭിരുചികളുള്ളവർ ജോലി ചെയ്യുന്ന സ്ഥലമല്ലേ? മനസ്സിന് സന്തോഷം നൽകുന്ന പാട്ടുകളാണ് ജോലി സമയത്ത് നല്ലതെന്നാണ് ചില പഠനങ്ങളിൽ പറയുന്നത്. സന്തോഷമുള്ള സംഗീതം ചെയ്യുന്ന ജോലിയെ വേഗത്തിലാക്കാനും ക്രിയാത്മകമാക്കാനുമെല്ലാം സഹായിക്കുമെത്രേ. എന്തായാലും പാട്ട് കേട്ട് ജോലി ചെയ്യാൻ പോവുകയാണ് സെക്രട്ടറിയേറ്റിലെ ജീവനക്കാർ.

അതേസമയം, സെക്രട്ടറിയേറ്റിലെ പഴയ ഫയലുകൾ മുഴുവൻ മാറ്റാൻ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. ഡിജിറ്റലൈസ് ചെയ്ത ഫയലുകൾ മുഴുവൻ ഓഫിസിന് പുറത്താക്കാനാണ് നിർദ്ദേശം. പേപ്പർ രഹിത സെക്രട്ടറിയേറ്റിനു വേണ്ടിയുളള നടപടിയുടെ ഭാഗമായാണ് ഫയൽ മാറ്റുന്നത്. തീരുമാനം മൂലം ബാക്കി വരുന്ന ടൺ കണക്കിന് പേപ്പർ മാലിന്യം സെക്രട്ടറിയേറ്റിൽ നിന്നും ലേലത്തിൽ വിൽക്കാനും തീരുമാനമായി.

Advertisement