തൃശൂര്‍. ഗുരുവായൂർ ദേവസ്വത്തിലെ പണം നിക്ഷേപിക്കുന്നത് എവിടെ, വരുമാനം പ്രാഥമിക സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചത് ചട്ടവിരുദ്ധമെന്ന് ഓഡിറ്റ് വകുപ്പ് റിപ്പോർട്ട്. പേരകം, എരിമയൂർ സഹകരണ ബാങ്കുകളിലെ നിക്ഷേപം ദേവസ്വം ചട്ടങൾക്ക് വിരുദ്ധമെന്ന 2020-21 ലെ ഓഡിറ്റ് റിപ്പോർട്ടിലെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. ഫോറിൻ ബാങ്കിലെ 117 കോടിയുടെ നിക്ഷേപം പുന:പരിശോധിക്കണമെന്നും, ഓഡിറ്റ് വിഭാഗം നേരത്തെ ദേവസ്വം കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു.
പേരകം, എരിമയൂർ പ്രാഥമിക സർവീസ് സഹകരണ ബാങ്കുകളിൽ ഗുരുവായൂർ ദേവസ്വം 17 ലക്ഷത്തോളം രൂപ നിക്ഷേപം നടത്തിയത് ചട്ടവിരുദ്ധമായിട്ടാണെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഗുരുവായൂർ ദേവസ്വം ചട്ടഭേദഗതി പ്രകാരം ജില്ലാ, അർബൻ സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്താം. എന്നാൽ പ്രാഥമിക സർവീസ് സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തുന്നത് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഗുരുവായൂർ ദേവസ്വം കമ്മീഷണർക്ക് ഓഡിറ്റ് വിഭാഗം കത്തും നൽകിയിരുന്നു. സിംഗപ്പൂർ ആസ്ഥാനമായുള്ള ഫോറിൻ ബാങ്കിൽ 117 കോടിയോളം രൂപ നിക്ഷേപിച്ചത് പുന:പരിശോധിക്കണമെന്നും ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല. ആർ.ബി.ഐയുടെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന ഫോറിൻ ബാങ്കിലെ നിക്ഷേപം നിയമാനുസൃതമാണെങ്കിലും ,ചില ആശങ്കകൾ ഉണ്ടെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി.
ഓഡിറ്റ് വിഭാഗത്തിന്റെ കണക്ക് പ്രകാരം ആർ .ബി.ഐ അംഗീകാരമുള്ള ഇസാഫിൽ 63 കോടി രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്. തൃശ്ശൂർ ജില്ലാ സഹകരണ ബാങ്കിൽ 378 കോടിയോളം രൂപയും അർബൻ സഹകരണ ബാങ്കിൽ 6 കോടിയിൽ പരം രൂപയും ഗുരുവായൂർ ദേവസ്വം നിക്ഷേപിച്ചിരുന്നു. പലിശ കിട്ടാതെ പല നിക്ഷേപങ്ങൾ നടത്തിയതും ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. 5 പൊതുമേഖലാ ബാങ്കുകളിലും 7 ഷെഡ്യൂൾഡ് സ്വകാര്യ ബാങ്കുകളിലും ഗുരുവായൂർ ദേവസ്വം നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് തിരുവനന്തപുരം സ്വദേശി ഡോ മഹേന്ദ്രകുമാറിന്റെ ഹർജിയിൽ ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്.