അറബിക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമാകുന്നു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം

Advertisement

തിരുവനന്തപുരം: സംസ്ഥാനത്താകെയുള്ള കനത്തമഴക്ക് താത്കാലിക ശമനമുണ്ടായെങ്കിലും വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യൂനമർദ്ദമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്നാണ് പ്രവചനം. അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടോ എന്നത് വ്യക്തമല്ല. നിലവിൽ ഇന്ന് ഒരു ജില്ലയിൽ മാത്രമാണ് യെല്ലോ അലർട്ട് ഉള്ളത്. അടുത്ത ദിവസങ്ങളിൽ ഒരു ജില്ലയിലും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല.

ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമാകുന്നു

തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം (Low Pressure) സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാവുകയും (Well Marked Low Pressure) തുടർന്ന് ഒക്ടോബർ ഇരുപത്തിയൊന്നോടു കൂടി (21-10 -2023) വീണ്ടും ശക്തി പ്രാപിച്ച് തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി തീവ്രന്യൂനമർദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ചക്രവാതച്ചുഴി ഒക്ടോബർ ഇരുപതോടെ (20-10 -2023) മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

മഞ്ഞ അലർട്ട്

19-10-2023 : തിരുവനന്തപുരം ജില്ലയിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പ്രത്യേക ജാഗ്രത നിർദ്ദേശം

കേരളത്തിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.