ഇടതുപക്ഷത്തെ കേരളത്തില്‍ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജന്‍സിയും കരുതേണ്ടെന്ന് ഇപി ജയരാജന്‍

Advertisement

കണ്ണൂര്‍: ഇടതുപക്ഷത്തെ കേരളത്തില്‍ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജന്‍സിയും കരുതേണ്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. സഹകരണ മേഖലയിലെ ഇ ഡി ഇടപെടലില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയില്‍ അഴിമതി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

ഒരു സഹകരണ സംഘം തെറ്റ് ചെയ്താല്‍ അത് അവിടെ പരിഹരിക്കണം. സഹകരണ മേഖലയെ കളങ്കപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്. ആരെങ്കിലും ഒരാള്‍ ചെയ്യുന്ന തെറ്റിന് സഹകരണ മേഖലയാകെ വിലകൊടുക്കേണ്ടി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഒരു തെറ്റിനെയും ന്യായീകരിക്കാന്‍ ഇടതുപക്ഷക്കാര്‍ സന്നദ്ധമല്ല. ഒരാള്‍ കൊലപാതകം നടത്തിയാല്‍ എല്ലാവരും കൊലപാതകികള്‍ ആകുമോയെന്ന് ചോദിച്ച ഇപി ജയരാജന്‍ കര്‍ണാടകയിലോ ആന്ധ്രയിലോ മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കളെ കീഴ്പ്പെടുത്തുന്നത് പോലെ കേരളത്തിലെ ഇടതുപക്ഷത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജന്‍സിയും കരുതേണ്ടെന്നും പറഞ്ഞു.

പിന്നീട് മാധ്യമങ്ങളെ കണ്ട ഇപി പല ചോദ്യങ്ങളോടും പ്രതികരിച്ചു. മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി നയം തന്നെ മൂന്നാറില്‍ നടപ്പാക്കും. എംഎം മണിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മണി ഇടുക്കിയില്‍ തന്നെ ഉണ്ടല്ലോയെന്നും മണിക്ക് നേരിട്ട് തോന്നിയിട്ടുള്ള കാര്യങ്ങളാണ് പറയുന്നതെന്നും ഇപി പറഞ്ഞു. മണിയുടെ പ്രതികരണം പ്രശ്‌ന പരിഹാരത്തിനുള്ള സന്ദേശമാണ്. കൃഷിക്കാര്‍ക്കൊപ്പമാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തന്റെ തെണ്ടാന്‍ പോ പരാമര്‍ശം താന്‍ കേട്ടിട്ടില്ലെന്നും , എന്താണ് അങ്ങനെ പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നെ അദ്ദേഹത്തോട് ചോദിക്കാമായിരുന്നല്ലോ എന്നും ഇപി മറുപടി നല്‍കി.