തിരുവനന്തപുരം: സി പി എം സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ 100 വയസ്സിന്റെ നിറവില്‍. 1923 ഒക്ടോബര്‍ 23 ന് ജനിച്ച പ്രിയ നേതാവിന് 100 പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികള്‍. സി പി എമ്മിന്റെ കരുത്തനായ സെക്രട്ടറിയായും ജനപ്രിയ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായും അഴിമതിക്കെതിരെ പോരാടി കേരളീയ സമൂഹത്തിന്റെയാകെ മനസ്സില്‍ ഇടംപിടിച്ച നേതാവായാണ് വി എസിനെ ഇന്നും വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പോലും ശക്തമായ നിലപാടെടുക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സ്വഭാവക്കാരനായിരുന്ന വി എസ് ഇന്നും അണികള്‍ക്ക് ആവേശമാണ്. ശാരീരികമായ അവശതകള്‍ പിടിപെട്ട അദ്ദേഹം തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി എ അരുണ്‍ കുമാറിന്റെ വസതിയില്‍ പൂര്‍ണവിശ്രമത്തിലാണ് .
സി പി ഐ കേന്ദ്രസമിതിയില്‍ നിന്ന് ഇറങ്ങിപ്പോയി സി പി എം രൂപവത്കരിച്ച 32 പേരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നേതാവാണ് അച്യുതാനന്ദന്‍. പക്ഷാഘാതത്തെ തുടര്‍ന്ന് 2019 ഒക്ടോബര്‍ മുതലാണ് വി എസ് പൂര്‍ണ വിശ്രമത്തിലായത്. പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചരണത്തിലും തിരുവോണത്തിനും മുടക്കമില്ലാതെ ആലപ്പുഴയിലെത്തിയിരുന്നു. അദ്ദേഹം അവസാനമായി എത്തിയത് 2019ലെ പുന്നപ്ര വയലാര്‍ വാരാചരണത്തില്‍ പങ്കെടുക്കാനാണ്.
ആലപ്പുഴ പുന്നപ്ര വെന്തലത്തറ ശങ്കരന്റെയും അക്കമ്മയുടെയും മകനായി പിന്നാക്ക കുടുംബത്തില്‍ ജനിച്ച അച്യുതാനന്ദന് കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടമായി.ഏഴാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ച് തൊഴില്‍ തേടേണ്ടി വന്നു. പിന്നീടുള്ള ജീവിതം പോരാട്ടങ്ങളുടേതായിരുന്നു. പി കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും സജീവമായി പങ്കെടുത്തു. സര്‍ സി പി രാമസ്വാമി അയ്യരുടെ പോലീസിനെതിരെ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യചുമതലക്കാരനായി. പുന്നപ്ര വയലാര്‍ സമരത്തിന് പിന്നാലെ പൂഞ്ഞാറില്‍ നിന്ന് വി എസ് അറസ്റ്റിലായി. പൂഞ്ഞാര്‍ പോലീസ് സ്റ്റേഷനിലും പാലാ ഔട്ട്‌പോസ്റ്റിലും വെച്ചുണ്ടായ ക്രൂര മര്‍ദനങ്ങള്‍ക്കൊടുവില്‍ മരിച്ചെന്ന് കരുതി പോലീസ് ഉപേക്ഷിച്ചു. എന്നാല്‍ അതിനെയെല്ലാം അദ്ദേഹം
അതിജീവിച്ചു. 1957ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒമ്പത് പേരില്‍ ഒരാളായി.
1980-92 കാലഘട്ടത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറിയായി. 1967, 1970, 1991, 2001, 2006, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും പ്രതിപക്ഷ നേതാവായിരുന്നു. 2001ലും 2006ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ് 18ന് കേരളത്തിന്റെ 20ാമത്തെ മുഖ്യമന്ത്രിയായി.
ഏത് വിഷയത്തിലും വി എസ് എന്തു പറയുന്നുവെന്ന് അനുകൂലികളും പ്രതികൂലികളും ഏറെ ശ്രദ്ധയോടെ കാത്തിരുന്നു. ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷ മനസ് സൂക്ഷിച്ച രാഷ്ട്രീയക്കാരനായിരുന്നു വി എസ്. ഇന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞ് വിശ്രമ ജീവിതം നയിക്കുമ്പോഴും കേരളത്തിൽ നിറഞ്ഞനിൽക്കുന്നൊരു ശൂന്യതയുണ്ട്. വി എസ് എന്ന രണ്ടക്ഷരത്തിന്റെ വില മലയാളിയെ തിരിച്ചറിയിക്കുന്ന ശൂന്യത. സമീപകാല കേരള രാഷ്ട്രീയത്തിൽ വി എസ്സിനോളം കേരളത്തിൽ ജനകീയ പ്രശ്നങ്ങളിൽ ഇടപെടുകയും ജനങ്ങളിലൊരാളായി നിലകൊള്ളുകയും ചെയ്തൊരു നേതാവ് വേറെയുണ്ടോ എന്നത് സംശയമാണ്. പാർട്ടിക്കതീതമായി ജനങ്ങളിലേക്ക് വളർന്ന അപൂർവ്വം നേതാക്കളിൽ ഒരാളാണ് വി എസ്.
പക്ഷാഘാതം കൈയുടെ ചലനശേഷിയെ ബാധിച്ചിരുന്നെങ്കിലും പിന്നീട് ഭേദമായി. വാര്‍ധക്യത്തിന്റെ അവശതകളിലും പത്രങ്ങള്‍ വായിച്ചു കേട്ടും ടി വി ചാനലുകള്‍ കണ്ടും വാര്‍ത്തകളെല്ലാം അദ്ദേഹം അറിയുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.