പൂജ വയ്ക്കേണ്ടത് എങ്ങനെ എന്നറിയാമോ?

Advertisement

നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് പൂജവയ്പ്പ്. ഗ്രന്ഥങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ദേവിക്കുമുന്നിൽ സമർപ്പിച്ചു പൂജിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും സരസ്വതീ സങ്കൽപ്പത്തിൽ പൂജവയ്പ്പു നടത്താവുന്നതാണ്. നവരാത്രിയിൽ അസ്തമയത്തിന്അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്. അന്ന് വൈകുന്നേരത്തോടെ തൊഴിലാളികളും കരകൗശലപണിക്കാരും ഉദ്യോഗസ്ഥരുമെല്ലാം അവരവരുടെ തൊഴിലുപകരണങ്ങളും പൂജയ്ക്കു വേണ്ടി സമര്‍പ്പിക്കണം. സ്വന്തം വീട്ടിലോ ക്ഷേത്രങ്ങളിലോ പൂജവെയ്ക്കാം. വീട്ടിലാണെങ്കിൽ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയുള്ളവർ അവിടെയോ പരമാവധി ശരീര മനഃ ശുദ്ധിയോടെ പൂജവയ്ക്കണം .

നവമി ദിവസം അടച്ചുപൂജയാണ്. ഇന്ദ്രിയങ്ങളെ പുറത്തുനിന്ന് അകത്തേക്ക് പിന്‍വലിച്ച് ഇരിക്കുന്നതാണ് അടച്ചുപൂജ. ആ സമയത്ത് എല്ലാ ഇന്ദ്രിയങ്ങളും ഒന്നിൽ കേന്ദ്രീകരിച്ച് നമ്മെ ദേവിയുമായി താദാദ്മ്യത്തിൽ എത്തിക്കുവാൻ ശ്രമിക്കണം. നവരാത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങും ഇതുതന്നെയാണ്. അതിന് ദുഷിച്ച കാര്യങ്ങള്‍ കാണാതിരിക്കുക, കേള്‍ക്കാതിരിക്കുക, പറയാതിരിക്കുക. അങ്ങനെ ചെയ്യുമ്പോള് ഇന്ദ്രിയങ്ങള്‍ പരിശുദ്ധമാകും. ഈശ്വരപ്രാപ്തിക്ക് സന്നദ്ധമാകും. ചീത്തവാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കില്ലെന്ന് തീരുമാനിക്കണം. കാണുന്നത് നല്ല കാര്യങ്ങള്‍ മാത്രമാകണം. രൂക്ഷമായ തീക്ഷ്ണമായ ആഹാരങ്ങള്‍ ഒഴിവാക്കണം. ആഹാരം പാഴാക്കാതിരിക്കുക, ശുചിത്വം പാലിക്കുക എന്നിവയും വേണം. മഹാനവമിയിലെ അടച്ചു പൂജയുടെ ആന്തരാർത്ഥവും ഇതുതന്നെ.

മഹാനവമിയിലെ അടച്ചുപൂജയിൽ നിന്ന് ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്ക് തുറക്കുന്ന ദിനമാണ് വിജയദശമി .ഒമ്പതു രാത്രിയിലെ കഠിന വ്രതത്താൽ ശുദ്ധീകരിക്കപ്പെട്ട മനസ്സും ശരീരവുമായി ജ്ഞാനസമുദ്രത്തിൽ നീന്തിത്തുടിക്കുവാനുള്ള പുറപ്പെടലാണ് വിജയദശമി. ഈ വർഷം നവരാത്രിക്കാലത്ത് മധ്യകേരളത്തിൽ അഷ്ടമി തിഥി ആരംഭിക്കുന്നത് ഒക്ടോബർ 21ന് (കൊല്ലവർഷം 1199 തുലാം 04) ശനിയാഴ്ച രാത്രി 09.54നാണ് . അതിനാൽ പൂജ വയ്‌ക്കേണ്ടത് ഒക്ടോബർ 22 ഞായറാഴ്ച (തുലാം 05 )വൈകുന്നേരമാണ്. അന്ന് മധ്യകേരളത്തിൽ അസ്തമയം 06.05 നാണ് അതിനാൽ വൈകുന്നേരം 05 .12 മുതൽ 07.42 വരെ പൂജ വയ്ക്കാം. വിദേശരാജ്യങ്ങളിൽ ഉദയാസ്തമനങ്ങളിൽ വ്യത്യാസം വരാം എങ്കിലും അതാത് രാജ്യങ്ങളിൽ ഒക്ടോബർ 22 ഞായറാഴ്‌ച അസ്തമയാൽപ്പരം (അസ്തമയം കഴിഞ്ഞു)54 മിനിറ്റിനുള്ളിൽ പുസ്തകങ്ങൾ പൂജ വയ്ക്കാം. അപ്പോൾ മുതൽ വിജയദശമി വരെ ഒരുവിധ അധ്യയനവും പാടില്ല .

ആയുധ പൂജ ഒക്ടോബർ 23 ( തുലാം 06 ) തിങ്കളാഴ്ചയാണ്. ഒക്ടോബർ 24ന് ചൊവ്വാഴ്ച മധ്യകേരളത്തിൽ പകൽ 031.4 വരെയാണ് ദശമിയുടെ ദൈർഘ്യം. ഇപ്പോൾ ബുധന് മൗഢ്യം ഉള്ള കാലമാണ്. അതിനാൽ കാലത്ത് 07.17 വരെയുള്ള സമയവും തുടർന്ന് 09.26 മുതലുള്ള സമയവും പൂജ എടുപ്പിനും വിദ്യാരംഭത്തിന് ഉത്തമമാണ്. ക്ഷേത്രങ്ങളിലോ പുണ്യ സങ്കേതങ്ങളിലോ വിദ്യാരംഭം നടത്തുന്നവർക്ക് ഇതേ സമയക്രമം പാലിക്കുവാൻ കഴിഞ്ഞുവെന്ന് വരില്ല. അതിനാൽ വിദ്യാരംഭത്തിന് മുമ്പ് ശിവങ്കൽ ദർശനം നടത്തി ദക്ഷിണാമൂർത്തി സങ്കൽപ്പത്തിൽ വെറ്റില, അടയ്ക്ക, നാണയം ഇവ സമർപ്പിക്കണം. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗത്തിനും ദക്ഷിണ നൽകണം.