കൊല്ലം : കൊല്ലം സഹോദയ സ്‌കൂള്‍ കലോത്സവം ‘സര്‍ഗ്ഗോത്സവ്’ ഒക്ടോബര്‍ 25 മുതല്‍ 28 വരെ ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും. 140 ഇനങ്ങളില്‍ 10 വേദികളിലായി 2500 ഓളം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നായി 42 സ്‌കൂളുകളാണ് കൊല്ലം സഹോദയയില്‍ ഈ വര്‍ഷം മത്സരിക്കുന്നത്. നാല് കാറ്റഗറികളിലായി നടക്കുന്ന മേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്നത്. 25 ന് ഉച്ചയ്ക്ക് രണ്ടിന് മേളയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും സംഗീതജ്ഞനുമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി തിരി തെളിച്ച് നിര്‍വ്വഹിക്കും.
സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യ പ്രഭാഷണം നടത്തും. ജര്‍മ്മനിയില്‍ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധന്‍ വിന്‍ഫ്രീഡ് റോത്ത് മുഖ്യാതിഥിയായിരിക്കും. കലോത്സവ കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഡോ.എബ്രഹാം തലോത്തില്‍, ജനറല്‍ സെക്രട്ടറി ബോണിഫസ്യ വിന്‍സെന്റ്, ട്രഷറര്‍ ഫാ. വിന്‍സെന്റ് കാരിക്കല്‍ ചാക്കോ, സഹോദയ ഭാരവാഹികളായ കെ.എം. മാത്യു, ഡോ. എബ്രഹാം കരിക്കം, രഞ്ജിനി റ്റി., ഷിബു സക്കറിയ എന്നിവര്‍ പ്രസംഗിക്കും. 25 ന് രാവിലെ 10 ന് ബാന്റ്‌മേളത്തിന്റെ മത്സരം നടക്കും. ഓഫ് സ്റ്റേജ് ഇനങ്ങള്‍ തിരുവനന്തപുരം സര്‍വോദയ, ആയൂര്‍ ചെറുപുഷ്പ സ്‌കൂളുകളില്‍ നടന്നു. സമാപന ദിവസമായ 28 ന് വൈകിട്ട് നാലിന് സമ്മാനങ്ങള്‍ വിതരണം ചെയ്യും.