തൃശൂർ:കരുവന്നൂർ കേസിൽ പ്രതികളായ പി ആർ അരവിന്ദാക്ഷനും സതീഷ് കുമാറും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളിൽ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് പരാമർശിക്കുന്നുണ്ടെന്ന് ഇഡി. ഇതിൽ അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു. സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഇ ഡി ചോദ്യം ചെയ്യുകയാണ്. കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ പി ആർ അരവിന്ദാക്ഷനെതിരായ പ്രധാന തെളിവായി ഇ ഡി പറയുന്നത് ഒന്നാം പ്രതി സതീഷ് കുമാറുമായുള്ള ഫോൺ സംഭാഷണങ്ങളാണ്.
ഈ ഫോൺ സംഭാഷണങ്ങളിൽ കമ്മീഷൻ ഇടപാട് സംബന്ധിച്ച് പരാമർശിക്കുന്നതായും ഇ ഡി ആരോപിച്ചിരുന്നു. പിന്നാലെയാണ് ഇന്നലെ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിൽ വാദം നടക്കവെ ഫോൺ സംഭാഷണങ്ങൾ കോടതിയെ കേൾപ്പിക്കാനുള്ള നീക്കം ഇ ഡി നടത്തിയത്. എന്നാൽ അരവിന്ദാക്ഷന്റെ അഭിഭാഷകന്റെ എതിർപ്പിനെ തുടർന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം ഫോൺ സംഭാഷണങ്ങളിൽ പരാമർശിക്കുന്ന രാഷ്ട്രീയ നേതാക്കൾ ആരെന്ന് ഇഡി വ്യക്തമാക്കിയിട്ടില്ല.