ഗുരുവായൂരപ്പന് പൊന്നിൽ തീർത്ത ഓടക്കുഴൽ വഴിപാടായി നൽകി പ്രവാസി

Advertisement

ഗുരുവായൂരപ്പന് പൊന്നിൽ തീർത്ത ഓടക്കുഴൽ വഴിപാടായി നൽകി പ്രവാസി. ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് നാൽപത് പവനോളം തൂക്കം വരുന്ന ഓടക്കുഴൽ സമർപ്പിച്ചത്. ക്ഷേത്രം അസിസ്റ്റൻറ് മാനേജർ ലെജുമോൾ പൊന്നോടക്കുഴൽ ഏറ്റുവാങ്ങി.
രതീഷ് മോഹന്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഷാർജയിൽ ബിസിനസ് നടത്തുന്ന രതീഷ് മോഹൻ എല്ലാ മലയാള മാസം ഒന്നാം തീയതിയും അന്നദാന സഹായവും നൽകി വരുന്നുണ്ടെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.

അതേസമയം, ഗുരുവായൂർ ക്ഷേത്രത്തിൽ 2023 ഒക്ടോബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത്
4,50,59,272 രൂപയാണെന്നുള്ള കണക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. രണ്ട് കിലോ 300 ഗ്രാം 900 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11 കിലോ 270ഗ്രാമാണ്. രണ്ടായിരം രൂപയുടെ 173 കറൻസി ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 16 കറൻസിയും അഞ്ഞൂറിൻറെ 75 കറൻസിയും ലഭിച്ചു.

Advertisement