സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലയിൽ ജാഗ്രത തുടരണം. എന്നാൽ ഇന്നും നാളെയും ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. തിങ്കളാഴ്ച്ച മുതൽ മഴ ശക്തമായേക്കാനാണ് സാധ്യത. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്.
തുലാവർഷത്തിൻ്റെ തുടക്കം ദുർബലമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ
അറബിക്കടലിലെ തീവ്ര ന്യുനമർദ്ദം അതി തീവ്ര ന്യുനമർദ്ദമായി മാറി. അടുത്ത 6 മണിക്കൂറിനുള്ളിൽ തേജ് ചുഴലിക്കാറ്റായും തുടർന്ന് അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യത. ചൊവ്വാഴ്ച്ചയോടെ ഒമാൻ – യെമൻ തീരത്ത് സലാലക്കും ( ഒമാൻ ) അൽ Ghaidah ( യമൻ ) ഇടയിൽ തേജ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യത. ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തിന് ഭീഷണിയല്ല. ബംഗാൾ ഉൾക്കടലിലെ ന്യുന മർദ്ദം തിങ്കളാഴ്ചയോടെ തീവ്ര ന്യുന മർദ്ദമായി പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.