വീണ വിജയന്‍റെ എക്സലോജിക്ക് കമ്പനി നികുതി അടച്ചിട്ടുണ്ടെന്നു മാത്യു കുഴൽനാടന് സർക്കാരിന്റെ മറുപടി

Advertisement

തിരുവനന്തപുരം . കരിമണൽ ഖനന കമ്പനിയായ സിഎംആര്‍എലുമായി നടത്തിയ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സലോജിക്ക് കമ്പനി നികുതി അടച്ചിട്ടുണ്ടെന്നു മാത്യു കുഴൽനാടന് സർക്കാരിന്റെ മറുപടി.കർണാടകത്തിൽ IGST അടച്ചിട്ടുണ്ടെന്ന നികുതി വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് ഔദ്യോഗികമായി സർക്കാർ മറുപടി അയച്ചത്.അതേ സമയം നികുതി അടച്ചതിന്റെ രേഖകൾ പുറത്തു വിടണമെന്നാണ് മാത്യു കുഴൽനാടന്റെ ആവശ്യം.

സിഎംആര്‍എലും എക്‌സാലോജിക്കും തമ്മിൽ നടത്തിയ ഇടപാടിൽ നികുതി അടച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി മാത്യു കുഴൽനാടൻ ധനവകുപ്പിന് പരാതി നൽകിയിരുന്നു.പരാതിയിൽ
നികുതി സെക്രട്ടറി അന്വേഷണം നടത്തി ധനവകുപ്പിന് റിപ്പോർട്ട് കൈമാറി.സിഎംആര്‍എലും എക്സാലോജിക്കുമായി നടത്തിയ ഒരു കോടി 72 ലക്ഷം രൂപയുടെ ഇടപാടിൽ നികുതി അടച്ചിട്ടുണ്ടെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. എക്‌സാലോജിക്ക് കമ്പനി പ്രവർത്തിക്കുന്നത് കർണാടകത്തിലായതിനാൽ ഐജിഎസ്ടി അടച്ചുവെന്നാണ് നികുതി വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നത്.വിവാദങ്ങൾ ഉയരും മുൻപ് തുക അടച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടിയാണ്
മാത്യു കുഴൽനാടന് സർക്കാർ ഔദ്യോഗിക മറുപടി നൽകിയത്.നികുതി അടച്ചതിന്റെ രേഖകൾ പുറത്തു വിടണമെന്നാണ് മാത്യുവിന്റെ ആവശ്യം

ഇടപാടിന്റെ നികുതി രേഖകൾ ആവശ്യപ്പെട്ടുള്ള വിവരവകാശത്തിനു വ്യക്തികളുടെ സ്വകാര്യ വിവരങ്ങളായതിനാൽ വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു നികുതി വകുപ്പിന്റെ മറുപടി. സർക്കാർ മറുപടി നൽകിയെങ്കിലും രേഖകൾ പുറത്തെത്തിക്കും വരെ വിവാദം സജീവമാക്കി നിലനിർത്താനായിരിക്കും കോൺഗ്രസ് ശ്രമിക്കുക.

Advertisement