തിരുവനന്തപുരം: സംസ്ഥാനത്തെ 129 മിനി അങ്കണവാടികളുടെ പദവി ഉയർത്തി മെയിൻ അങ്കണവാടികളാക്കി മാറ്റുന്ന പദ്ധതിക്ക് ധന വകുപ്പ് അംഗീകാരം നൽകി. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി നടപ്പാക്കാൻ 1.14 കോടി രുപ വേണ്ടിവരും. പദവി ഉയർത്തപ്പെടുന്നതോടെ ഈ അങ്കണവാടികളിൽ വർക്കർക്ക് പുറമെ ഹെൽപ്പറുടെ സേവനവും ഉറപ്പാകും.
പദവി ഉയരുന്നതോടെ വർക്കർമാരുടെ വേതനം ഉയരും. ഹെൽപ്പർമാരുടെയും വേതനം, ഫർണിച്ചർ ഉൾപ്പെടെ അനുബന്ധ സംവിധാനങ്ങൾ എന്നിവയും ഒരുക്കണം. മിനി അങ്കണവാടി വർക്കർമാർ സ്‌ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പോഷണ നിലവാരം കാത്തുസൂക്ഷിക്കാനും, ശൈശവകാല പരിചരണവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതിനുമായി ഒട്ടേറെ ചുമതലകൾ വഹിക്കുന്നു.
ഇതിനുപുറമെയാണ് അങ്കണവാടികളുടെ പരിസരം വൃത്തിയാക്കൽ, കുട്ടികളുടെ ഭക്ഷണത്തിനായി സാധനസാമഗ്രികൾ ശേഖരിക്കൽ, കുട്ടികളുടെ ശുചിത്വം ഉറപ്പാക്കൽ ഉൾപ്പെടെ ചുമതലകളും നിർവഹിക്കുന്നത്. മിനി അങ്കണവാടിയുടെ പദവി ഉയർത്തുകവഴി ഹെൽപ്പറും എത്തുന്നതോടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. നിലവിൽ 33,115 അങ്കണവാടികളാണ് സംസ്ഥാനത്തുള്ളത്.
ഇവയിൽ മിനി അങ്കണവാടികളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. പട്ടികജാതി പട്ടികവർഗ, പിന്നോക്ക വിഭാഗങ്ങൾ കൂടുതലുള്ള മേഖലകളിലാണ് മിനി അങ്കണവാടികളിൽ ഏറിയ പങ്കും പ്രവർത്തിക്കുന്നത്. 2010ന് മുമ്പുള്ള ജനസംഖ്യ അടിസ്ഥാനത്തിലാണ് അവ അനുവദിച്ചത്. ഭൂരിപക്ഷത്തിന്റെയും പ്രവർത്തന മേഖലയിൽ ഗുണഭോക്താക്കളുടെ എണ്ണം ആയിരത്തിലേറെയാണ്. ഈ സാഹചര്യത്തിലാണ് മിനി അങ്കണവാടികൾ നിർത്തലാക്കാൻ ആകില്ലെന്ന നിലപാട് സംസ്ഥാനം സ്വീകരിച്ചത്.