ചെതലയത്ത് വെട്ടേറ്റുമരിച്ച ബിന്ദു, മകൻ ബേസിൽ എന്നിവരുടേയും ആത്മഹത്യ ചെയ്ത ഭർത്താവ് ഷാജുവിൻ്റേയും പോസ്റ്റുമോർട്ടം ഇന്ന്

Advertisement

വയനാട്. ചെതലയത്ത് വെട്ടേറ്റുമരിച്ച ബിന്ദു, മകൻ ബേസിൽ എന്നിവരുടേയും ആത്മഹത്യ ചെയ്ത ഭർത്താവ് ഷാജുവിൻ്റേയും പോസ്റ്റുമോർട്ടം ഇന്ന്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം. ഉച്ചയോടെ ചതലയത്ത് പൊതുദർശനമുണ്ടാകും. ഇന്നലെയാണ് ഷാജു ഭാര്യയേയും മകനേയും വെട്ടിക്കൊന്നത്.  രാവിലെ എട്ടുമണിയോടെ ബന്ധുവിന്റെ വിവാഹത്തിന്‌ പോവാൻ മകൾ ബേസി ഭർത്തൃവീട്ടിൽ നിന്ന് ബിന്ദുവിനെ തുടർച്ചയായി ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല.

തുടർന്ന് ബിന്ദുവിന്റെ അമ്മയെ വിളിച്ച്‌ അറിയിച്ചതിനെ തുടർന്ന് ഇവർ ആറാം വയലിലെ വീട്ടിലെത്തി. വീട്‌ അകത്ത്‌ നിന്ന് പൂട്ടിയിരുന്നു,ബിന്ദുവിന്റെ മാതാപിതാക്കൾ നാട്ടുകാരെ വിവരമറിയിക്കുകയും ഇവർ പിൻവശത്തെ വാതിൽ ചവിട്ടി തുറന്ന് അകത്തുകയറുകയും ചെയ്തു. ബിന്ദു കട്ടിലിലും മകൻ ബേസിൽ ഹാളിലും വെട്ടേറ്റ്‌ മരിച്ച നിലയിലായിരുന്നു. ഇതിനിടെ പോലീസെത്തി വീടിന്റെ മുകൾ നിലയിൽ പരിശോധന നടത്തിയപ്പോഴാണ്‌ ഷാജുവിന്റെ മൃതദേഹം കണ്ടെത്തിയത്‌. ഇയാൾ വിഷം അകത്തുചെന്ന നിലയിലായിരുന്നു.

സ്ഥിരം മദ്യപാനിയായ ഇയാൾ ഭാര്യയേയും മകനേയും പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഇയാൾ വീട്ടിൽ വരുന്നത് കോടതി വിലക്കിയതിനെ തുടർന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണം എന്നാണ് പൊലീസ് നിഗമനം.

 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ചെതലയം സബ്സെന്ററിൽ പാചകക്കാരിയായിരുന്നു മരിച്ച ബിന്ദു. മകൻ ബേസിൽ മീനങ്ങാടി സെന്റ്‌ മേരീസ്‌ കോളേജിൽ താൽക്കാലിക ജീവനക്കാരനായിരുന്നു.