2023 ഒക്ടോബർ 22 ഞായർ
🌴കേരളീയം🌴
🙏മഴ ശക്തമാകും. തുലാവര്‍ഷം ആരംഭിച്ചതിനു പിറകേ അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ട്.
🙏നവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കമായി. നാളെ മഹാനവമി, ചൊവ്വാഴ്ച വിജയദശമി. പൂജവയ്പിനും ദര്‍ശനത്തിനുമായി ക്ഷേത്രങ്ങളില്‍ തിരക്ക്.
🙏തിരുവനന്തപുരത്തു
നിന്ന് കോട്ടയം വഴി കാസര്‍കോട്ടേക്കു സര്‍വീസ് നടത്തുന്ന വന്ദേ ഭാരതിന്റെ സമയം അഞ്ചു മിനിറ്റു നേരത്തെയാക്കി. ചെങ്ങന്നൂരില്‍ അധിക സ്റ്റോപ്പ് അനുവദിച്ചതിനാലാണ് സമയം നേരത്തെയാക്കിയത്. തിരുവനന്തപുരത്തുനിന്ന് നാളെ മുതല്‍ 5.15 നു പുറപ്പെടും. 6.03 ന് കൊല്ലത്തെത്തും.
🙏കരിമണല്‍ കമ്പനിയില്‍നിന്നു ലഭിച്ച 1.72 കോടി രൂപക്കു മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി ഐ ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് ജിഎസ് ടി കമ്മീഷണറുടെ റിപ്പോര്‍ട്ട്. മാസപ്പടി വിവാദത്തിനു മുമ്പേ പണമടച്ചെന്നാണ് റിപ്പോര്‍ട്ടെങ്കിലും അടച്ച തുക എത്രയെന്ന് പറയുന്നില്ല.
🙏ജില്ലാ അണ്‍ എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പുകേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെ പ്രതി ചേര്‍ത്തു. ശിവകുമാര്‍ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസെടുത്തത്. 13 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.
🙏കേരള കലാമണ്ഡലം വൈസ് ചാന്‍സലറായി ഡോ. ബി. അനന്തകൃഷ്ണനെ നിയമിച്ചു. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ അംഗീകരിച്ച് ചാന്‍സലര്‍ മല്ലികാ സാരാഭായ് ആണ് നിയമന ഉത്തരവില്‍ ഒപ്പുവച്ചത്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല തിയറ്റര്‍ വിഭാഗം മേധാവിയായിരുന്നു ബി. അനന്തകൃഷ്ണന്‍. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. നാടക രംഗത്തെ പ്രതിഭയാണ്.
🙏നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാന്‍ നടക്കുന്ന പാര്‍ട്ടിയുടെ കേരളഘടകം സര്‍ക്കാരില്‍ വേണോയെന്ന് സിപിഎം തീരുമാനിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
🙏പാലിയേക്കര ടോള്‍ പ്ലാസക്കെതിരേ സമരം നടത്തിയ കോണ്‍ഗ്രസ് എം.പിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ടോള്‍ പ്ലാസ മാനേജരുടെ പരാതിയിലാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാക്കളായ ടി എന്‍ പ്രതാപന്‍ എം.പി, രമ്യ ഹരിദാസ് എം.പി, ജോസ് വള്ളൂര്‍, അനില്‍ അക്കര, ജോസഫ് ടാജറ്റ് എന്നിവരക്കം 145 പേര്‍ക്കെതിരെയാണ് കേസ്.
🙏ബിജെപിയുടെ ഘടകകക്ഷിയായ ജെഡിഎസ് അംഗം കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നതിനെ ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ബിജെപിയുടെ ഏജന്റിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
🙏കണ്ണൂരില്‍ ഗാനമേളയ്ക്കിടെ മേയറെ കയ്യേറ്റം ചെയ്ത യുവാവിനെ പൊലീസ് വൈദ്യപരിശോധന നടത്താതെ വിട്ടയച്ചതിനെതിരേ മേയര്‍ ടി.ഒ. മോഹനന്‍. മദ്യപിച്ചോയെന്നു പരിശോധിക്കാന്‍ പോലും തയാറാകാതെ പൊലീസ് പ്രതി ജബ്ബാറിനെ 20 മിനിറ്റിനുളളില്‍ വിട്ടയച്ചെന്നാണ് കോര്‍പറേഷന്റെ ആക്ഷേപം.
🙏കുന്നംകുളം കീഴൂര്‍ ശ്രീ വിവേകാനന്ദ കോളജില്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി നോമിനേഷന്‍ പേപ്പറുകള്‍ കീറിക്കളഞ്ഞ സംഭവത്തില്‍ 13 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
🙏ടിക് ടോക് താരവും നിരവധി കേസുകളിലെ പ്രതിയുമായ മീശ വിനീത് വധശ്രമക്കേസില്‍ അറസ്റ്റിലായി. പള്ളിക്കലില്‍ മടവൂര്‍ കുറിച്ചിയില്‍ സ്വദേശിയായ സമീര്‍ഖാന്റെ തല അടിച്ചു പൊട്ടിച്ചെന്ന കേസിലാണ് മീശ വിനീത് അറസ്റ്റിലായത്.
🙏മണ്ണാര്‍ക്കാട് പുറ്റാനിക്കാട് ജുമാ മസ്ജിദിന്റെ ഖബര്‍ സ്ഥാനിലെ ഖബറുകള്‍ കാട്ടാനക്കൂട്ടം ചവിട്ടി നിരത്തി. പുറ്റാനിക്കാട് ജുമാ മസ്ജിദിന്റെ മതില്‍ പൊളിച്ചാണ് ആനകൂട്ടം അകത്തു കടന്നത്.
🇳🇪 ദേശീയം 🇳🇪
🙏രാജസ്ഥാനില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബിജെപിയും കോണ്‍ഗ്രസും. കോണ്‍ഗ്രസ് 33 അംഗ പട്ടികയും ബിജെപി 83 അംഗ പട്ടികയും പുറത്തിറക്കി. ഗെലോട്ട് പക്ഷത്തെ നേതാക്കള്‍ക്കും സീറ്റ് ലഭിച്ചിട്ടുണ്ട്.
🙏ചോദ്യത്തിന് കോഴ ആരോപണത്തില്‍ നടപടികളില്‍നിന്ന് ഒഴിവാക്കാന്‍ ആറുമാസത്തേക്കു മിണ്ടാതിരിക്കണമെന്ന അദാനിയുടെ ഒത്തുതീര്‍പ്പു വ്യവസ്ഥ സ്വീകരിക്കുന്നില്ലെന്ന് മഹുവ മൊയിത്ര എം.പി. പരിശോധനയ്ക്കായി സിബിഐയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മഹുവ പറഞ്ഞു.
🙏ബിറ്റ്കോയിന്‍ മൂല്യം ഉയര്‍ന്നു നില്‍ക്കുകയാണെങ്കിലും രാജ്യത്ത് ക്രിപ്റ്റോ നിക്ഷേപങ്ങള്‍ നിരോധിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അന്താരാഷ്ട്ര നാണ്യനിധിയുടെ സാമ്പത്തിക സുരക്ഷാ ബോര്‍ഡ് ക്രിപ്റ്റോയിലെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
🇦🇺 അന്തർദേശീയം 🇦🇽
🙏ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്തിലെ കെയ്‌റോയില്‍ അറബ് ഉച്ചകോടി. പലസ്തീന്‍ ജനത എവിടേക്കും ഓടിപ്പോകില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു.
🙏 തെക്കന്‍ ഗാസയിലേക്കുള്ള റാഫ ഇടനാഴി ഇസ്രയേല്‍ തുറന്നു. ഭക്ഷണവും മരുന്നും അടക്കമുള്ള അവശ്യസാധനങ്ങളുമായി എത്തിയ 20 ട്രക്കുകളെ കടത്തിവിടാനാണ് ഇടനാഴി തുറന്നത്. ഇരുന്നൂറിലേറെ ട്രക്കുകള്‍ ഈജിപ്ത് ഭാഗത്തു കാത്തു കിടക്കുകയാണ്.
🙏കെയ്റോയിലെ അറബ് ഉച്ചകോടിയില്‍ ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ബഹറിന്‍, കുവൈറ്റ്, ജോര്‍ദാന്‍, ഇറാഖ്, സൈപ്രസ് എന്നീ രാജ്യങ്ങളുടെ അധികാരികള്‍ പങ്കെടുത്തു. ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയും ജപ്പാന്‍, ജര്‍മനി, തുര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.
🏑 🏏കായികം🥍🏸
🙏ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
🙏ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി ശ്രീലങ്ക. നെതര്‍ലന്‍ഡ്‌സിനെ അഞ്ചുവിക്കറ്റിനാണ് ശ്രീലങ്ക തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലണ്ട്സ് 49.4 ഓവറില്‍ 262 ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
🙏ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ നാണം കെടുത്തി ദക്ഷിണാഫ്രിക്ക. 229 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ തോല്‍പിച്ചത്.
🙏ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 109 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസ്സന്റേയും 72 റണ്‍സെടുത്ത മാര്‍കോ ജാന്‍സെന്റേയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 22 ഓവറില്‍ വെറും 170 റണ്‍സിന് പുറത്തായി.
🙏ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടണ്‍ (86) അന്തരിച്ചു. 1966-ല്‍ ഇംഗ്ലണ്ടിനായി ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നേടിയ താരമാണ് ചാള്‍ട്ടണ്‍.