ലേലം വിളിച്ചാൽ ഇങ്ങനെ വേണം;മാടപ്പള്ളി കെ റെയിൽ വിരുദ്ധ ‘ സമര വാഴക്കുല ‘ ലേലത്തിൽ പോയത് കണ്ണഞ്ചിക്കുന്ന വിലയ്ക്ക്

Advertisement

കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കെ.റെയിൽ വിരുദ്ധ സമരസമിതി പ്രതിഷേധ സൂചകമായി നട്ട സമരവാഴയിൽ കുല പൊതുലേലത്തിൽ വിറ്റുപോയത് കണ്ണഞ്ചിക്കുന്ന വിലയ്ക്ക്. ഒന്നര മണിക്കൂർ നീണ്ട പൊതു ലേലത്തിൽ 49,100 രൂപയ്ക്കാണ് കുല വിറ്റുപോയത്. 
കെ.റെയിലിന് മഞ്ഞക്കുറ്റി സ്ഥാപിച്ചതോടെ കിടപ്പാടം നഷ്ടപ്പെട്ട ചെങ്ങന്നൂർ കൊഴുവന്നൂർ സ്വദേശിനി തങ്കമ്മയുടെ വീട് നിർമാണത്തിനായി ഈ തുക സമരസമിതി കൈമാറി. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരത്തിന്റെ ഭാഗമായി 2022 ലെ പരിസ്ഥിതി ദിനത്തിൽ പ്രതിഷേധ സൂചകമായി നട്ട ‘സമരവാഴയിൽ’ നിന്നു ലഭിച്ച വാഴക്കുലയാണ് ലേലം ചെയ്തത്. 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകൾക്കു പിന്നാലെയാണ് കോട്ടയം ജില്ലയിലും സമര വാഴയിൽ നിന്നുള്ള വാഴക്കുല ലേലം ചെയ്തത്. ഓൺലൈനായും ലേലത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. ആന്റോ ആന്റണി എം.പി ഉദ്ഘാടനം നിർവഹിച്ചു. മാടപ്പള്ളിയിൽ കെ.റെയിൽ വിരുദ്ധ സമിതി സ്ഥിരം പന്തലിട്ടാണ് പ്രതിഷേധിച്ചിരുന്നത്.

Advertisement